കോഴിക്കോട്: നവരാത്രി ദിനത്തില്‍ ദേവിക്ക് ആര്‍ദ്രയുടെ നാട്യ സമര്‍പ്പണം. ചാലപ്പുറം കേസരി ഭവനില്‍ നടക്കുന്ന നവരാത്രി സര്‍ഗ്ഗോത്സവത്തില്‍ വച്ച് യുവ നര്‍ത്തകി ആര്‍ദ്രയുടെ 'ആത്മ നിവേദനം' എന്ന വീഡിയോ ആല്‍ബത്തിന്റെ പ്രകാശനം സിനിമാതാരം വിധുബാല നിര്‍വ്വഹിച്ചു. അവനി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചറിലെ ഒന്നാം വര്‍ഷ ബി-ആര്‍ക് വിദ്യാര്‍ത്ഥിനിയാണ് കോഴിക്കോട് മലാപ്പറമ്പ് സ്വദേശിയായ ആര്‍ദ്ര. വിനീത് മാസ്റ്റര്‍ സൗഷ്ഠവയാണ് കോറിയോഗ്രാഫിയും സംവിധാനവും നിര്‍വഹിച്ചത്. സന്ദീപ് കരുമല രചിച്ച് സുബീഷ് നാരായണ്‍ന്റെ സംഗീത സംവിധാനത്തില്‍ സിത്താര കൃഷ്ണ കുമാര്‍ ആലപിച്ച ഗാനങ്ങള്‍ക്കാണ് ആര്‍ദ്രയുടെ ചുവടുകള്‍. കോഴിക്കോട്ടും മൂകാംബികയിലുമായാണ് ചിത്രീകരണം.
നാലാം വയസില്‍ നൃത്തം അഭ്യസിച്ചു തുടങ്ങിയ ആര്‍ദ്ര പത്താം വയസില്‍ ഭരതനാട്യത്തില്‍ അരങ്ങേറ്റം കുറിച്ചു. കുച്ചുപ്പുടി, മോഹിനിയാട്ടം എന്നിവയിലും നിപുണയാണ്. നൃത്ത കലാവൈഭവ് അന്തര്‍ദേശീയ പുരസ്‌കാരം, നട് വര്‍ ഗോപീകൃഷ്ണ ദേശീയ അവാര്‍ഡ് തുടങ്ങി ഇതിനോടകം തന്നെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. എഞ്ചിനീയര്‍ ശ്രീജിത്തിന്റേയും കാലിക്കറ്റ് സിറ്റി സര്‍വ്വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരി ഗ്രീഷ്മയുടേയും മകളാണ് ആര്‍ദ്ര.