കോട്ടയം:കോട്ടയത്ത് പങ്കാളികളെ പങ്കുവച്ച കേസില്‍ പ്രതികരിച്ച് പരാതിക്കാരി. ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത് സഹികെട്ടെന്ന് യുവതി പറഞ്ഞു. രണ്ട് വര്‍ഷം സഹിച്ചു. ഭര്‍ത്താവ് നിരന്തരം ശല്യം ചെയ്തു കൊണ്ടിരുന്നു. ഒരേ സമയം ഒന്നിലധികം ആളുകളുമായി ബന്ധപ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചു. ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ വീട്ടുകാര്‍ നിരവധി തവണ ആവശ്യപ്പെട്ടു. ഭര്‍ത്താവ് തന്നെ മറ്റുള്ളവര്‍ക്ക് കാഴ്ചവെച്ചെന്നു കാണിച്ച് ചങ്ങനാശേരി സ്വദേശിയായ യുവതിയാണ് പോലിസില്‍ പരാതി നല്‍കിയത്. കറുകച്ചാല്‍ സ്റ്റേഷന്‍ പരിധിയിലും മറ്റ് സ്ഥലങ്ങളിലുമെത്തിച്ച് ഭര്‍ത്താവ് തന്റെ സാമൂഹിക മാധ്യമ സുഹൃത്തുക്കള്‍ക്ക് നിര്‍ബന്ധിച്ച് കൈമാറിയെന്നാണ് യുവതിയുടെ മൊഴി.
പരാതിക്കാരിയും ഭര്‍ത്താവും അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. ആദ്യ കുട്ടിക്ക് മൂന്ന് വയസ് തികയുന്നതുവരെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ദുബൈയിലായിരുന്ന ഭര്‍ത്താവ് മടങ്ങിയെത്തിയ ശേഷമാണ് സ്വഭാവത്തില്‍ മാറ്റം കണ്ടുതുടങ്ങിയത്. കപ്പിള്‍സ് മീറ്റ് എന്ന സ്വാപ്പിങ് ഗ്രൂപ്പുകളില്‍ ഇയാള്‍ സജീവമായിരുന്നു. തന്നെ സംഘത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചതായും യുവതി പറയുന്നു. വഴങ്ങിയില്ലെങ്കില്‍ കുടുംബക്കാരുടേയും യുവതിയുടേയും പേര് എഴുതിവെച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തി. നിര്‍ബന്ധത്തിനു വഴങ്ങി പലകുറി പീഡനം നേരിട്ടു. തന്നെ മറ്റൊരാള്‍ക്കൊപ്പം അയച്ചാല്‍ മാത്രമേ ഭര്‍ത്താവിന് അയാളുടെ പങ്കാളിയെ കിട്ടുകയുള്ളൂ എന്നതിനാല്‍ വലിയ തോതില്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് യുവതി പറയുന്നു.
അതേസമയം പങ്കാളികളെ പങ്കുവച്ച കേസില്‍ ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്‍പത് പേര്‍ ചേര്‍ന്നാണ് പരാതി നല്‍കിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ ഒരാള്‍ വിദേശത്തേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ നിന്നുള്ള ഏഴുപേരാണ് ഇന്നലെ കറുകച്ചാല്‍ പൊലിസിന്റെ പിടിയിലായത്. മെസഞ്ചര്‍, ടെലിഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഉപയോഗിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം. കപ്പിള്‍ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവര്‍ത്തനം നടന്നിരുന്നത്.
ആയിരക്കണക്കിന് ദമ്പതികളാണ് ഗ്രൂപ്പുകളിലുള്ളത്. ഈ ഗ്രൂപ്പുകളിലൂടെയാണ് ദമ്പതികള്‍ പരസ്പരം പരിചയപ്പെടുന്നത്. വലിയ സംഘമാണ് പിന്നിലുള്ളതെന്ന് പൊലീസ് പറഞ്ഞു. സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവരും സംഘത്തിലുണ്ട്. 25 ഓളം പേര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. സംസ്ഥാന വ്യാപകമായി അന്വേഷണം വിപുലപ്പെടുത്താനാണ് പൊലീസ് നീക്കം.