പാതിരാറെയ്ഡ് നടന്ന പാലക്കാട്ടെ ഹോട്ടലില്‍ വീണ്ടുമെത്തി പൊലീസ്: സിസിടിവി പരിശോധിച്ചു, ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തു
 



പാലക്കാട്: പാലക്കാട്ട് ഇന്നലെ രാത്രി പൊലീസ് റെയ്ഡ് നടത്തിയ കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുടെ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്ത് പൊലീസ്. പൊലീസിന് വിവരം കിട്ടിയത് മുതലുള്ള എല്ലാ ദൃശ്യങ്ങളും പരിശോധിക്കും. സൗത്ത് സി ഐയാണ് പരിശോധന നടത്തുന്നത്. സി ഐക്കൊപ്പം സൈബര്‍ വിദഗ്ധരും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും പരിശോധനയ്‌ക്കൊപ്പമുണ്ട്. വനിത കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ അടക്കമാണ് ഇന്നലെ രാത്രി പരിശോധന നടന്നത്. സംഭവം വലിയ വിവാദമായിരുന്നു.

ഉപ തെരഞ്ഞെടുപ്പിനിടെ അനധികൃതമായി പണമെത്തിച്ചെന്ന് ആരോപിച്ചുള്ള പൊലീസ് പരിശോധനക്കിടെ പാലക്കാട്ട് ഇന്നലെ രാത്രി വന്‍ സംഘര്‍ഷമാണ് ഉണ്ടായത്. പാതിരാത്രിയില്‍ മൂന്നര മണിക്കൂറോളം നേരമാണ് ഹോട്ടലില്‍ നേതാക്കളും പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്. വനിതാ നേതാക്കളുടെ മുറികളില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസും, എല്ലാ മുറികളിലും പരിശോധന വേണമെന്ന് സിപിഎമ്മും ബിജെപിയും ആവശ്യപ്പെട്ടതോടെ രംഗം വഷളാവുകയായിരുന്നു. ഹോട്ടലിലും പുറത്തും പലതവണ ഏറ്റുമുട്ടിയ പ്രവര്‍ത്തകരെ പൊലീസ് പണിപ്പെട്ടാണ് പിന്തിരിപ്പിച്ചത്. ഷാഫി പറമ്പില്‍, വി കെ ശ്രീകണ്ഠന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍, പരിശോധനയില്‍ എന്ത് കിട്ടിയെന്ന് പൊലീസ് എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒന്നും ലഭിച്ചില്ലെന്ന് പൊലീസ് എഴുതി നല്‍കി. എന്നാല്‍, റെയ്ഡ് തടസപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് സിപിഎമ്മും ബിജെപിയും ആരോപിച്ചു.

പൊലീസ് തങ്ങളെ അപമാനിക്കും വിധം പെരുമാറിയെന്ന് ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും മാധ്യമങ്ങളോട് പ്രതികരിച്ചു. യൂണിഫോം പോലും ഇല്ലാതെ ആണ് ചില ഉദ്യോഗസ്ഥര്‍ പാതിരാ നേരത്ത് വാതിലില്‍ മുട്ടിയത് എന്നും അതിന്റെ നടുക്കത്തിലാണ് ഇപ്പോഴും എന്നും ഇരുവരും പറഞ്ഞു. പാലക്കാട്ടെ പാതിരാ പരിശോധനയ്ക്ക് പിന്നില്‍ മന്ത്രി എം ബി രാജേഷ് ആണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പാതിരാ പരിശോധന മന്ത്രി എംബി രാജേഷും ഭാര്യാസഹോദരനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. വനിതാ നേതാക്കളെ അപമാനിച്ച രാജേഷ് രാജിവെക്കണം. അഴിമതിയുടെ പണപ്പെട്ടി അന്വേഷിക്കേണ്ടത് ക്ലിഫ് ഹൗസിലാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

പൊലീസ് പരിശോധനയെ കോണ്‍ഗ്രസ് അട്ടിമറിച്ചത് ദുരൂഹവും സംശയകരവുമെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു. വസ്തുതകള്‍ പുറത്തുവരാനിരിക്കെയുള്ളൂ. എല്ലാം രഹസ്യമാകണമെന്നില്ല. ചിലത് ഒളിപ്പിക്കാനാണ് കോണ്‍ഗ്രസ് നാടകം. ബിജെപിക്ക് പണമെത്തുന്ന അതേ കേന്ദ്രത്തില്‍ നിന്നാണ് കോണ്‍ഗ്രസിനും പണമെത്തുന്നത്. പരിശോധയില്‍ അസ്വാഭാവികതയില്ലെന്നും മന്ത്രി പറഞ്ഞു. പൊലീസ് യുഡിഎഫിനെ സഹായിച്ചെന്ന് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. കള്ളപ്പണം ഒരു മുറിയല്‍ സൂക്ഷിക്കാന്‍ പൊലീസ് അവസരമൊരുക്കി. ഷാഫിയുടെ നേതൃത്വത്തില്‍ വ്യാപകമായി കള്ളപ്പണം ഉപയോഗിക്കുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media