തൃക്കാക്കര: ആക്രമിക്കപ്പെട്ട നടിയെ (actress acttack) തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ (thrikkakara by election) യുഡിഎഫ് (udf) ഉപയോഗിക്കുന്നോ എന്ന് സംശയമുണ്ടെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ (ep jayarajan).. ഇക്കാര്യം പരിശോധിക്കേണ്ടതാണ്. തെരഞ്ഞെടുപ്പുകളില്‍ എന്ത് വൃത്തികെട്ട രാഷ്ട്രീയം കളിക്കാനും യുഡിഎഫ് മടിക്കില്ല.
ദിലീപുമായി അവിശുദ്ധ ബന്ധമുള്ളത് ആര്‍ക്കാണെന്ന് ജനത്തിന് അറിയാം. സര്‍ക്കാരിന് ഇക്കാര്യത്തില്‍ മറ്റ് ലക്ഷ്യങ്ങളില്ല. അതിജീവിതയ്ക്ക് കോടതിയെ സമീപിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഒരു വഴിവിട്ട ഇടപെടലും നടത്തിയിട്ടില്ല. സര്‍ക്കാര്‍ എന്നും ഇരയ്‌ക്കൊപ്പമാണെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസില്‍ അതിജീവിത കോടതിയെ സമീപിക്കാന്‍ ഉണ്ടായ സാഹചര്യം അറിയില്ലെന്ന് മന്ത്രി പി.രാജീവ്. അതിജീവിതയെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും പി.രാജീവ് കൊച്ചിയില്‍ പറഞ്ഞു. കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം അതിജീവിതയ്ക്കുണ്ട്. സര്‍ക്കാര്‍ നിലപാടില്‍ വ്യക്തതയുണ്ടെന്നും പി.രാജീവ് പറഞ്ഞു.
ഇതിനിടെ നടിയെ ആക്രമിച്ച കേസ് ഉന്നത സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഇന്ന് പരിഗണിക്കും. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ പേരില്‍ കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്നാണ് നടി ആരോപിക്കുന്നത്. ഭരണമുന്നണിയിലെ ഉന്നതരുമായി ദിലീപിന് അവിശുദ്ധ ബന്ധം ഉണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഉള്ള ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ വിചാരണക്കോടതി ജഡ്ജിയ്‌ക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് അതിജീവിത ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്നും നീതി ഉറപ്പാക്കാന്‍ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത്. ഭരണമുന്നണിയിലെ രാഷ്ട്രീയക്കാരെ സ്വാധീനിച്ച് കേസ് അവസാനിപ്പിക്കാനാണ് ശ്രമം. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിച്ചതിന് തെളിവുകള്‍ പുറത്തുവന്നിട്ടും അന്വേഷണത്തില്‍ നിന്ന് അവരെ ഒഴിവാക്കി. ഈ പശ്ചാത്തലത്തിലാണ് കോടതി ഇടപെടണമെന്നാണ് അതിജീവിതയുടെ ആവശ്യം. കേസ് തിടുക്കത്തില്‍ അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നതായി വിവരം ലഭിച്ചെന്നും ഇത് നീതി നിഷേധത്തിന് ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും നടിയുടെ ഹര്‍ജിയിലുണ്ട്. കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ അന്വേഷണസംഘത്തിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ട്. കേസിലെ പ്രതിയായ ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ള വ്യക്തിയാണ്. അന്തിമ റിപ്പോര്‍ട്ട് തട്ടിക്കൂട്ടി നല്‍കാന്‍ നീക്കം നടക്കുകയാണ്. ഭരണകക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിന് പിന്നിലെന്നും അതിജീവിത ഹര്‍ജിയില്‍ ആരോപിക്കുന്നു. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിന് തടയിട്ടത് അഭിഭാഷകന്റെ രാഷ്ട്രീയ ബന്ധമാണ്. നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ തനിക്ക് മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്നും നടി കോടതിയെ അറിയിച്ചു. \
കേസില്‍ ഈ മാസം തുടരന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് മറയാക്കി, കൂടുതല്‍ സമയം ആവശ്യപ്പെടാതെ തിരക്കിട്ട് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണ സംഘം നീക്കം നടത്തുന്നത്. കേസില്‍ കാവ്യ മാധവനെ പ്രതിയാക്കേണ്ടതില്ലെന്നും ആരോപണവിധേയരായ അഭിഭാഷകരെ ചോദ്യം ചെയ്യേണ്ടതില്ലെന്നും കോടതി നേരത്തെ തീരുമാനിച്ചിരുന്നു. കേസിലെ അന്വേഷണ മേല്‍നോട്ട ചുമതലയില്‍ നിന്ന് എസ്.ശ്രീജിത്തിനെ മാറ്റിയതിന് പിന്നാലെ യുഡിഎഫ് അട്ടിമറി ആരോപണം ഉന്നയിച്ചിരുന്നു.