നോക്കുകൂലി വാങ്ങില്ല; ട്രെയ്ഡ് യൂണിയനുകളുടെ സംയുക്ത പ്രഖ്യാപനം


തിരുവനന്തപുരം: നോക്കുകൂലി വാങ്ങില്ലെന്നും നിയമാനുസൃതമായി സര്‍ക്കാര്‍ നിശ്ചയിച്ച കൂലി മാത്രമേ വാങ്ങൂ എന്നും ചുമട്ടു തൊഴിലാളി യൂണിയനുകളുടെ സംയുക്ത യോഗത്തില്‍ പ്രഖ്യാപനം. തൊഴില്‍ വകുപ്പു വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസ്ഥാനത്തെ എല്ലാ പ്രമുഖ ട്രെയ്ഡ് യ്ൂണിയനുകളും സംയുക്തമായാണ് പ്രഖ്യാപനം നടത്തിയത്. 

ജോലി ചെയ്യാതെ കൂലി വാങ്ങുന്ന സമ്പ്രദായം തൊഴിലാളി വര്‍ഗ്ഗത്തിന് തന്നെ അപമാനം ഉണ്ടാക്കുന്നതാണെന്ന്, തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ആകെ ചുമട്ടുതൊഴിലാളികളുടെ വളരെ ചെറിയ ഒരു വിഭാഗത്തില്‍ നിന്ന് മാത്രം വല്ലപ്പോഴും ഉണ്ടാകുന്ന ഒരു പ്രവണതയാണിത്.  പക്ഷേ ഇതിനെ ഉയര്‍ത്തിക്കാണിച്ചു കൊണ്ട് ചുമട്ടുതൊഴിലാളികളെയാകെ  വികൃതമാക്കി ചിത്രീകരിക്കാനുള്ള  പ്രചാരവേലകളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.


തൊഴിലാളികള്‍ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഉറച്ച നിലപാട് സ്വീകരിക്കുമ്പോള്‍ സമൂഹത്തോടുള്ള ഉത്തരവാദിത്തം മറക്കരുത്. തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കാന്‍ ക്ഷേമനിധി ബോര്‍ഡിന്റെയും കിലെയുടെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണം സംഘടിപ്പിക്കും. വിഎസ്എസ്‌സിയിലേക്കു കൊണ്ടുവന്ന ഉപകരണങ്ങള്‍ ഇറക്കാന്‍ നോക്കുകൂലി ആവശ്യപ്പെട്ടത് തൊഴിലാളി സംഘടനകളില്‍പെട്ടവരല്ല. എന്നിട്ടും ഇതിന്റെ പേരില്‍ ചുമട്ടുതൊഴിലാളികള്‍ ആക്ഷേപം കേള്‍ക്കേണ്ടി വന്നു. ഇത്തരം കാര്യങ്ങളെ ജാഗ്രതയോടെ കാണണം. ചുമട്ടുതൊഴിലാളി നിയമത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതു ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

തൊഴില്‍ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലേബര്‍ കമ്മിഷണര്‍ ഡോ.എസ്.ചിത്ര, തൊഴിലാളി യൂണിയന്‍ പ്രതിനിധികളായ സി.കെ.മണിശങ്കര്‍ , പി.കെ.ശശി (സിഐടിയു), വി.ആര്‍.പ്രതാപന്‍, എ.കെ.ഹാഫിസ് സഫയര്‍ (ഐഎന്‍ടിയുസി) , കെ.വേലു, ഇന്ദുശേഖരന്‍ നായര്‍ (എഐടിയുസി), യു.പോക്കര്‍, അബ്ദുല്‍ മജീദ് (എസ്ടിയു) ജി.സതീഷ് കുമാര്‍ (ബിഎംഎസ്) എന്നിവര്‍ പങ്കെടുത്തു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media