വ്യവസായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പുതിയ നിയമങ്ങള്‍ അവതരിപ്പിക്കും
തിരുവനന്തപുരം: വ്യവസായ നടത്തിപ്പിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ അവതരിപ്പിച്ചേക്കും. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. വ്യവസായ വകുപ്പ് തയാറാക്കിയ നിയമാനുസൃത തര്‍ക്ക പരിഹാര സംവിധാനത്തിനുള്ള കരടുബില്‍ നിയമ വകുപ്പിന്റെ പരിഗണയ്ക്ക് സമര്‍പ്പിച്ചു.
വ്യവസായങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ പരാതികള്‍ ഏകീകൃത സംവിധാനം വഴി പരിഹരിക്കാനാണ് സര്‍ക്കാര്‍ നിയമത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. നിലവില്‍ വിവിധ വകുപ്പുകളിലെ വ്യത്യസ്തമായ ചട്ടങ്ങള്‍ മൂലം പരാതി പരിഹാരം എളുപ്പമല്ല. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ജില്ലാ തലങ്ങളില്‍ തര്‍ക്ക പരിഹാരത്തിന് ഉന്നതാധികാര സമിതികള്‍ക്ക് രൂപം നല്‍കും. സമിതികളുടെ തീരുമാനം നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും.