തക്കാളിയില്‍ കൈപൊള്ളി ജനങ്ങള്‍, ആശ്വാസവുമായി
തമിഴ്‌നാട് സര്‍ക്കാര്‍, കിലോഗ്രാമിന് 85 രൂപയ്ക്ക് വില്‍ക്കും
ചെന്നൈ: തമിഴ്‌നാട്ടില്‍ കിലോഗ്രാമിന് 85 രൂപയ്ക്ക് തക്കാളി വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി സഹകരണ സംഘങ്ങള്‍ വഴി കര്‍ഷകരില്‍ നിന്ന് നേരിട്ട് തക്കാളി സംഭരിക്കാനും തീരുമാനിച്ചു. മഴയിലുണ്ടായ നഷ്ടങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ജില്ലാ കലക്ടര്‍മാരുടെ യോഗം വിളിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.കിലോയ്ക്ക് 120 മുതല്‍ 140 രൂപ വരെയാണ് തമിഴ്‌നാട്ടില്‍ ഇപ്പോള്‍ തക്കാളിക്ക് വില. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തമിഴ്‌നാട്ടിലും ആന്ധ്രയിലും ആയിരക്കണക്കിന് ഹെക്ടര്‍ തക്കാളി കൃഷി നശിച്ചതാണ് വില കുതിച്ചുയരാന്‍ കാരണം. ചെന്നൈ മാര്‍ക്കറ്റില്‍ മാത്രം സാധാരണ ദിവസങ്ങളില്‍ എത്തുന്നതിനേക്കാള്‍ ശരാശരി 400 ടണ്‍ തക്കാളി കുറവാണ് ഇപ്പോള്‍ വരുന്നത്.
ചിത്രദുര്‍ഗ, ചിക്കമംഗളൂരു, ധാര്‍വാഡ് തുടങ്ങി കര്‍ണാടകയുടെ കാര്‍ഷിക മേഖലയില്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദനം നടത്തുന്ന മേഖലകളിലുണ്ടായ കനത്ത മഴയാണ് കേരളത്തിന് തിരിച്ചടിയായിരിക്കുന്നത്. ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളിലെ വെള്ളപ്പൊക്കത്തില്‍ 2000 ഹെക്ടറിലേറെ കൃഷി നശിച്ചു.
ഇതോടെ അരി വിലയും ഉയര്‍ന്നു. മട്ട അരിക്ക് കിലോക്ക് 8 മുതല്‍ 12 രൂപ വരെ കൂടി. വെള്ളപ്പൊക്കത്തില്‍ വ്യാപക വിളനാശമുണ്ടായതോടെ അരി വില ഇനി വരുന്ന ആഴ്ചകളിലും കുറയാന്‍ സാധ്യതയില്ലെന്ന് വ്യാപാരികള്‍ ചൂണ്ടികാട്ടുന്നു. പെട്ടെന്നുണ്ടായ വിലക്കയറ്റം വ്യാപാര മേഖലയില്‍ കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കയറ്റുമതി കുറഞ്ഞതോടെ കൂടുതല്‍ പച്ചക്കറിയും അരിയും സംഭരിക്കാനാകാത്ത സ്ഥിതിയാണ് വിപണിയില്‍.
കര്‍ണാടകയില്‍ ഇത്തവണ മികച്ച വിള പ്രതീക്ഷിച്ച തുംകൂരു, തുപ്കൂര്‍, ചിക്കബെല്ലാപുര്‍ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും മഴ കനത്ത നാശമുണ്ടാക്കി. വിള നശിച്ചതോടെ കര്‍ഷകരും ദുരിതത്തിലാണ്. സംസ്ഥാനത്തും മഴ കനത്തതിനാല്‍ ആഭ്യന്തര ഉല്‍പാദനത്തിലും ഇടിവ് നേരിട്ടു.