പരാജയത്തില്‍ നിന്ന് പാഠം പഠിച്ചെന്ന്  ഇ ശ്രീധരന്‍
 സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നു 


 താന്‍ സജീവരാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. രാഷ്ട്രീയം പാടേ ഉപേക്ഷിക്കുന്നുവെന്ന് ഇതിനര്‍ത്ഥമില്ലെന്നും, പക്ഷേ, പരാജയത്തില്‍ നിന്ന് പാഠം പഠിച്ചെന്നും ഇ ശ്രീധരന്‍ മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. പല കാര്യങ്ങളും തിരുത്താതെ കേരളത്തില്‍ ബിജെപിക്ക്  രക്ഷയില്ലെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി. 

''ഞാന്‍ രാഷ്ട്രീയത്തിലിറങ്ങിയത് സജീവരാഷ്ട്രീയക്കാരനായിട്ടല്ല, ബ്യൂറോക്രാറ്റായിട്ടാണ്. രാഷ്ട്രീയത്തില്‍ എന്റെ ഏറ്റവും പ്രായമേറിയ കാലത്താണ് ഞാന്‍ ചേര്‍ന്നത്. അതിന് മുമ്പ് പല തവണയായി എനിക്ക് രാജ്യസേവനത്തിന് അവസരം കിട്ടിയിട്ടുണ്ട്'', എന്ന് ഇ ശ്രീധരന്‍.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ ഇ ശ്രീധരന്‍ പാലക്കാട്ട് നിന്ന് മത്സരിച്ച് ഷാഫി പറമ്പിലിനോട് പരാജയപ്പെട്ടിരുന്നു. പാലക്കാട്ട് അവസാനനിമിഷം വരെ ഇ ശ്രീധരന്‍ പൊരുതി നിന്നത് മാത്രമായിരുന്നു ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ ഏക പ്രതീക്ഷ. 

മുഖ്യമന്ത്രിയാകാനും തയ്യാറെന്നടക്കമുള്ള നിരവധി പ്രസ്താവനകളിലൂടെ മാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് കാലത്ത് നിറഞ്ഞുനിന്നു ഇ ശ്രീധരന്‍. തനിക്ക് രാഷ്ട്രീയത്തില്‍ പല പദ്ധതികളും പ്ലാനുമുണ്ട് എന്ന് പല തവണ അദ്ദേഹം പറഞ്ഞു. അതില്‍ പിന്നീട് ട്രോള്‍മഴയായി. ബിജെപി പക്ഷേ, ശ്രീധരനെ ഇറക്കിയത് അതീവ ഗൗരവത്തോടെത്തന്നെയായിരുന്നു. മെട്രോമാന്റെ പാലത്തിലേറി കേരള ഭരണമാണ് ലക്ഷ്യം എന്ന് തന്നെ പല തവണ ബിജെപി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയായ വിജയയാത്രയില്‍ തിരുവല്ലയില്‍ വച്ച് മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി ഇ ശ്രീധരനെ ബിജെപി സംസ്ഥാനപ്രസിഡന്റ് കെ സുരേന്ദ്രന്‍ പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ ബിജെപി തെരഞ്ഞെടുപ്പില്‍ സംപൂജ്യരായി. 

അഴിമതി രഹിത - വികസന പ്രതിച്ഛായയുള്ള ശ്രീധരനെ മുന്‍നിര്‍ത്താന്‍ ബിജെപിക്ക് നിര്‍ദേശം നല്‍കിയത് ദേശീയ നേതൃത്വവും ആര്‍എസ്എസും ചേര്‍ന്നാണ്.  ലൗവ് ജിഹാദിനെതിരായ നിയമനിര്‍മ്മാണം അടക്കമുള്ള തീവ്ര ഹിന്ദുത്വ അജണ്ട ഒരു വശത്ത് മുന്നോട്ട് വെക്കുമ്പോള്‍ മറുവശത്ത് മെട്രോമാന്‍ വഴി വീശിയത് വികസനകാര്‍ഡ്. പാലാരിവട്ടം പാലം അഞ്ച് മാസം കൊണ്ട് പുതുക്കിപ്പണിതത് നേട്ടമാക്കാനൊരുങ്ങുന്ന എല്‍ഡിഎഫിനെ പണിക്ക് മേല്‍നോട്ടം വഹിച്ചയാളെത്തന്നെ മുന്‍നിര്‍ത്തി വെല്ലുവിളി തീര്‍ക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും പാളിപ്പോയി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media