ബിജെപിയില്‍ അഴിച്ചുപണി; അഞ്ച് ജില്ലകളില്‍ പ്രസിഡന്റുമാരെ മാറ്റി; നടന്‍ കൃഷ്ണകുമാര്‍ ദേശീയ കൗണ്‍സിലില്‍
തിരുവനന്തപുരം: സംസ്ഥാന ബിജെപിയിലെ നേതൃനിരയില്‍ അഴിച്ചുപണി. പുതിയ ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു. അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി. സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ തുടരും. ജനറല്‍ സെക്രട്ടറിമാര്‍ക്കും മാറ്റം ഇല്ല.
എ എന്‍ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാരായി തുടരും. ബി ഗോപാലകൃഷ്ണനും പി രഘുനാഥും വൈസ് പ്രസിഡന്റുമാരാകും. കാസര്‍കോട്, വയനാട്, കോട്ടയം, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് പാര്‍ട്ടിക്ക് പുതിയ പ്രസിഡന്റുമാരെ തീരുമാനിച്ചത്. കാസര്‍കോട്ട് പുതിയ ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി ആണ്. വയനാട് കെപി മധു, കോട്ടയം ലിജിന്‍ ലാല്‍, പത്തനംതിട്ട് വി എ സൂരജ്, പാലക്കാട് കെ എം ഹരിദാസ് എന്നിവരാണ് പുതിയ ജില്ലാ പ്രസിഡന്റുമാര്‍. നിയമ സഭ തെരെഞ്ഞെടുപ്പിന് ശേഷം ഉള്ള പുനസംഘടനയുടെ ഭാ?ഗമായാണ് പുതിയ തീരുമാനം. നടന്‍ കൃഷ്ണകുമാറിനെ ദേശീയ കൗണ്‍സിലില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
സംസ്ഥാന ട്രഷറര്‍ ആയി ഇ കൃഷ്ണദാസിനെ തീരുമാനിച്ചു. പാര്‍ട്ടി ഏല്പ്പിച്ച ഉത്തരവാദിത്തം പരമാവധി ഭംഗിയായി നിര്‍വ്വഹിക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. 2016ല്‍ അപ്രതീക്ഷിതമായാണ് പാലക്കാട് ജില്ല അധ്യക്ഷനായി ചുമതലയേറ്റത്. കഴിഞ്ഞ 6 വര്‍ഷത്തിനിടെ ജില്ലയില്‍ സംഘടനക്ക് വലിയ വളര്‍ച്ചയുണ്ടായി. പുതിയ ഉത്തരവാദിത്തത്തിന് വളരെ നന്ദി, സംസ്ഥാനത്തെ പാര്‍ട്ടിയുടെ സാമ്പത്തിക കാര്യങ്ങള്‍ എല്ലാം സുതാര്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.