ജോ ബൈഡനെയും ഭാര്യയെയും
ഇന്ത്യയിലെക്ക് ക്ഷണിച്ച് മോദി
ദില്ലി: യുഎസ് പ്രസിഡന്റ് ജോ ബൈഡനെയും പത്‌നി ജില്‍ ബൈഡനെയും ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റിനെ ഫോണില്‍ നേരിട്ട് ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി രാജ്യത്തേയ്ക്ക് ക്ഷണിച്ചത്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബൈഡനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. മേഖലയിലെ വികസന കാര്യങ്ങളും രാഷ്ട്രീയ വിഷയങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തതായും ഇന്ത്യയും യുഎസും തമ്മിലുള്ള പരസ്പര ബന്ധം ജനാധിപത്യമൂല്യങ്ങളിലും തന്ത്രപരമായ താത്പര്യങ്ങളിലും അധിഷ്ഠിതമാണെന്ന് ഇരുനേതാക്കളും വ്യക്തമാക്കിയതായും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യ - യുഎസ് ബന്ധം മെച്ചപ്പെടുത്താനായി ജോ ബൈഡനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച പ്രധാനമന്ത്രി പുതിയ യുഎസ് പ്രസിഡന്റിന് ആശംസകള്‍ നേര്‍ന്നു. ഇന്തോ പസഫിക് മേഖലയിലെ സുസ്ഥിര വികസനത്തിനായി സമാനമായ താത്പര്യമുള്ള രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഇരുനേതാക്കളും തീരുമാനിച്ചു. കാലാവസ്ഥാ മാറ്റം ചെറുക്കാന്‍ ഒരുമിച്ച് പ്രയത്‌നിക്കുമെന്ന് വ്യക്തമാക്കിയ മോദി പാരിസ് ഉടമ്പടിയുമായി സഹകരിക്കാന്‍ തീരുമാനിച്ച യുഎസ് നടപടിയെ സ്വാഗതം ചെയ്തു.
പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് കാലത്ത് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പരസ്യമായി പിന്തുണയറിയിച്ച മോദിയുടെ നടപടി ആഗോളശ്രദ്ധ നേടിയിരുന്നു. ഹൂസ്റ്റണില്‍ പ്രധാനമന്ത്രി പങ്കെടുത്ത ഹൗഡി മോദി പരിപാടിയിലെ 'അബ് കീ ബാര്‍ ട്രംപ് സര്‍ക്കാര്‍' എന്ന മുദ്രാവാക്യവും ശ്രദ്ധേയമായിരുന്നു. ഡോണള്‍ഡ് ട്രംപുമായി വ്യക്തിപരമായ അടുപ്പമുണ്ടെന്ന് പല വേദികളിലും വ്യക്തമാക്കിയ പ്രധാനമന്ത്രി മോദി അദ്ദേഹത്തെ ഒരിക്കല്‍ ഇന്ത്യയിലെ പൊതുപരിപാടിയിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.