ഓഹരി വിപണി നേട്ടത്തില്‍ തുടക്കം
ഏഷ്യന്‍ വിപണികളിലെ ഉണർവ് പിൻപറ്റി ഇന്ത്യന്‍ വിപണിയും തിങ്കളാഴ്ച്ച നേട്ടത്തില്‍ വ്യാപാരങ്ങള്‍ക്ക് തുടക്കമിട്ടു. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 350 പോയിന്റ് ഉയര്‍ന്ന് 50,700 എത്തി . എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,000 നിലയിലേക്കും തിരിച്ചെത്തിയിട്ടുണ്ട്. ഓഎന്‍ജിസിയാണ് ഇന്ന് സെന്‍സെക്‌സില്‍ വലിയ മുന്നേറ്റം നടത്തുന്നത്. തുടക്ക വ്യാപാരത്തില്‍ ഓഎന്‍ജിസി ഓഹരികള്‍ 4 ശതമാനത്തോളം കുതിച്ചു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എന്‍ടിപിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളും 1 ശതമാനം നേട്ടവുമായി ഇടപാടുകള്‍ തുടരുകയാണ്.
മറുഭാഗത്ത് അള്‍ട്രാടെക്ക് സിമന്റ്, ബജാജ് ഓട്ടോ ഓഹരികളാണ് ഇന്ന് വലിയ നഷ്ടം കുറിക്കുന്നത്. സ്‌മോള്‍ക്യാപ്, മിഡ്ക്യാപ് സൂചികകള്‍ ബെഞ്ച്മാര്‍ക്ക് സൂചികകളെ പിന്നിലാക്കുന്നതിനും രാവിലെ വിപണി സാക്ഷിയാകുന്നു. വെള്ളിയാഴ്ച്ച നേട്ടത്തില്‍ വാള്‍സ്ട്രീറ്റ് അടച്ചതിന്റെ പ്രതിഫലനം ഏഷ്യന്‍ വിപണികളിലെല്ലാം കാണാം. ഷാങ്ഹായ് കോമ്പോസൈറ്റ്, ഹാങ് സെങ്, ടോപിക്‌സ്, നിക്കെയ് 225, കോസ്പി സൂചികകള്‍ ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി 12,000 കോടി രൂപയുടെ ഐപിഓകളാണ് വിപണിയില്‍ നടക്കാനിരിക്കുന്നത്. കല്യാണ്‍ ജ്വല്ലേഴ്സ് (1,750 കോടി രൂപ), ലക്ഷ്മി ഓര്‍ഗാനിക്സ് (800 കോടി രൂപ), ക്രാഫ്റ്റ്സ്മാന്‍ ഓട്ടോമേഷന്‍ (150 കോടി രൂപ), അനുപം റസായന്‍ (760 കോടി രൂപ), സൂര്യോദയ് സ്മോള്‍ ഫൈനാന്‍സ് ബാങ്ക്, ആധാര്‍ ഹൗസിങ് ഫൈനാന്‍സ് (7,300 കോടി രൂപ) എന്നീ കമ്പനികളും പൊതു വിപണിയില്‍ ധനസമാഹരണത്തിന് തുടക്കം കുറിക്കും.