ഇസ്രായേലിനെ ആക്രമിക്കാന്‍ ഇറാനും, ഹിസ്ബുള്ളയും കോപ്പു കൂട്ടുന്നു; അടികിട്ടാതെ മാറി നില്‍ക്കണമെന്ന് അമേരിക്കയോട് ഇറാന്‍
 



ടെഹ്‌റാന്‍: തങ്ങളുടെ എംബസി ആക്രമിച്ച ഇസ്രയേലിന് മറുപടി നല്‍കാന്‍ തയ്യാറെടുക്കുകയാണ് ഇറാന്‍. ഇതിനിടയില്‍ കയറി വരാതെ മാറിനില്‍ക്കാനാണ് ഇറാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ളയും ഇസ്രയേലിനെതിരെ യുദ്ധ പ്രഖ്യാപനവുമായി രംഗത്തെത്തി. 
വാഷിംഗ്ടണിന് രേഖാമൂലം മുന്നറിയിപ്പ് നല്‍കി എന്നാണ് ഇറാന്‍ പ്രസിഡന്റിന്റെ രാഷ്ട്രീയകാര്യ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ജംഷിദി സമൂഹ മാധ്യമത്തില്‍ പ്രതികരിച്ചത്. നെതന്യാഹുവിന്റെ കെണിയില്‍ വീഴരുതെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടു. അടി കിട്ടാതിരിക്കാന്‍ അമേരിക്ക മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടെന്നും ജംഷിദി പറഞ്ഞു. എന്നാല്‍ ഇറാന്‍ അയച്ചെന്ന് പറയുന്ന സന്ദേശത്തെക്കുറിച്ച് അമേരിക്ക പ്രതികരിച്ചിട്ടില്ല.അതേസമയം അമേരിക്ക അതീവ ജാഗ്രതയിലാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഇസ്രയേലും ഇറാന്റെ നീക്കങ്ങള്‍ ഉറ്റുനോക്കുകയാണ്. രാജ്യാതിര്‍ത്തിക്കുള്ളില്‍ ജിപിഎസ് നാവിഗേഷന്‍ സേവനങ്ങള്‍ നിര്‍ത്തി. മിസൈലുകളെയും ഡ്രോണുകളെയും തടസ്സപ്പെടുത്തുന്നതിനായാണ് ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളില്‍ ജിപിഎസ് തടഞ്ഞത്. അവധി റദ്ദാക്കി മുഴുവന്‍ സൈനികരോടും തിരിച്ചെത്താനും നിര്‍ദേശം നല്‍കി. സിറിയയിലെ ഇറാന്‍ എംബസിക്ക് നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ രണ്ട് ജനറല്‍മാര്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെയാണ് ഇറാന്‍ തിരിച്ചടിച്ചാല്‍ നേരിടാനുള്ള സന്നാഹങ്ങള്‍ ഇസ്രയേല്‍ നടത്തുന്നത്. 


വ്യാഴാഴ്ച മുതലാണ് ഇസ്രായേലിന്റെ മധ്യഭാഗങ്ങളില്‍ ജിപിഎസ് സംവിധാനങ്ങള്‍ തടസ്സപ്പെട്ടത്. ടെല്‍ അവീവ്, ജറുസലേം തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള ആപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് ഇസ്രായേലി പൗരന്മാര്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ജറുസലേമില്‍ ആയിരുന്നപ്പോള്‍ തന്റെ ജിപിഎസ് കെയ്റോയില്‍ എന്ന് കണ്ടതായി ഒരു ബിബിസി പ്രൊഡ്യൂസര്‍ പറഞ്ഞു. അതേസമയം പരിഭ്രാന്തരാവേണ്ടതില്ലെന്ന് ഇസ്രയേല്‍ സേന ജനങ്ങളെ അറിയിച്ചു. ജനറേറ്ററുകള്‍ വാങ്ങുകയോ ഭക്ഷണം കൂടുതലായി കരുതി വെയ്ക്കുകയോ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുകയോ ചെയ്യേണ്ടതില്ലെന്നാണ് അറിയിപ്പ്. 

ഡമാസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍  ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുകളായ (ഐആര്‍ജിസി) ഏഴ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 13 പേരാണ് കൊല്ലപ്പെട്ടത്. ബ്രിഗേഡിയര്‍ ജനറല്‍മാരായ മുഹമ്മദ് റെസ സഹേദിയും മുഹമ്മദ് ഹാദി ഹാജി റഹിമിയും കൊല്ലപ്പെട്ടവരിലുണ്ട്. ശത്രുവിന് ശിക്ഷ ലഭിക്കാതെ ഈ കുറ്റകൃത്യം കടന്നുപോകില്ല എന്നാണ് ഹിസ്ബുള്ള പ്രസ്താവനയില്‍ പറഞ്ഞത്. യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് മിസൈല്‍ വര്‍ഷിച്ചാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media