യുഎഇയില്‍ പ്രവേശനം ഇന്നുമുതല്‍ : മുന്‍കൂര്‍ അനുമതി നിര്‍ബന്ധം
അബുദാബി: യുഎഇയിലേക്ക് താമസ വിസക്കാര്‍ക്ക് ഇന്ന് മുതല്‍ പ്രവേശന അനുമതി. ഇതിന് മുന്‍കൂര്‍ പ്രവേശന അനുമതി നിര്‍ബന്ധമാണ്. യുഎഇയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനമെന്ന് സിവില്‍ എവിയേഷന്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്നും ദുബായിലേക്ക് വരുന്നവര്‍ക്ക് താമസ കുടിയേറ്റ വകുപ്പിന്റെ അനുമതിയാണ് വേണ്ടത്. മറ്റ് യുഎഇ എമിറേറ്റ്‌സിലേക്ക് വരുന്നവര്‍ക്ക് ഫെഡറല്‍ അതോറിറ്റിയുടെ അനുമതിയും നിര്‍ബന്ധമാണ്. അനുമതി ലഭിച്ച ശേഷം മാത്രമേ യാത്ര ചെയ്യാവൂമെന്നും സിവില്‍ എവിയേഷന്‍ അറിയിച്ചു.
യാത്രക്കാര്‍ ജിഡിആര്‍എഫ്എ, ഐസിഎ വെബ്‌സൈറ്റുകള്‍ വഴി അപേക്ഷിക്കണം യുഎഇയിലെ സര്‍ക്കാര്‍ സ്മാര്‍ട്ട് ആപ്പുകള്‍ വഴി ലഭിച്ച വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും അപേക്ഷക്കൊപ്പം വെക്കണം. യാത്രക്കാര്‍ പുറപ്പെടുന്ന 48 മണിക്കൂറിനിടെ നടത്തിയ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതില്‍ ക്യൂആര്‍കോഡ് ഉണ്ടായിരിക്കണം. വിമാനത്തില്‍ കയറുന്നതിന് മുമ്പ് കോവിഡ് റാപ്പിഡ് പരിശോധന നടത്തണം. യുഎഇയില്‍ എത്തിയാല്‍ മാനത്താവളത്തില്‍ കോവിഡ് പിസിആര്‍ പരിശോധനക്കും വിധേയമാകണമെന്നും യുഎഇ ഫെഡറല്‍ അതോറിറ്റി അറിയിച്ചു. ഇക്കാര്യങ്ങളും രേഖകളും എയര്‍ലൈനുകള്‍ ഉറപ്പുവരുത്തണം.
യുഎഇ അംഗീകരിച്ച വാക്‌സിനുകള്‍ ആണെങ്കില്‍ പോലും യുഎഇക്ക് പുറത്ത് നിന്ന് വാക്‌സിന്‍ എടുത്തവര്‍ക്ക് പ്രവേശനമുണ്ടാകില്ല. ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയായവര്‍ക്ക് നിലവിലെ വ്യവസ്ഥ പ്രകാരം പ്രവേശനമില്ലെന്നും വിമാന കമ്പനികള്‍ അറിയിച്ചു. ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങളിലേക്ക് ഓഗസ്റ്റ് 15 വരെ റദ്ദാക്കിയ വിമാന സര്‍വ്വീസുകള്‍ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി എത്തിഹാദ് അറിയിച്ചു.