ഒക്ടോബറിലെ ജിഎസ്ടി വരുമാനത്തില്‍ വര്‍ധനവ്
ദില്ലി: ഒക്ടോബര്‍ മാസത്തില്‍ പിരിച്ചെടുത്ത ജിഎസ്ടി നികുതി 130127 കോടി രൂപ. ജിഎസ്ടി 2017 ല്‍ ഏര്‍പ്പെടുത്തിയ ശേഷം ഉണ്ടായ ഏറ്റവും വലിയ രണ്ടാമത്തെ വരുമാനമാണിത്. 2020 ഒക്ടോബര്‍ മാസത്തെ അപേക്ഷിച്ച് 24 ശതമാനം വര്‍ധനവാണ് നികുതിവരവില്‍ ഉണ്ടായിരിക്കുന്നതെന്ന് ധനകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
തുടര്‍ച്ചയായ നാലാം മാസവും ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നു. സെപ്തംബര്‍ മാസത്തിലെ ജിഎസ്ടി വരുമാനം 1.17 ലക്ഷം കോടി രൂപയാണ്. ഒക്ടോബറിലുണ്ടായ കളക്ഷനില്‍ 23861 കോടിയും സിജിഎസ്ടിയാണ്. 30421 കോടി എസ്ജിഎസ്ടിയാണ്. 67361 കോടി രൂപ ഐജിഎസ്ടിയാണ്. അവശേഷിക്കന്ന 8484 കോടി രൂപ സെസായി പിരിച്ചെടുത്തതാണ്.
2019 ഒക്ടോബര്‍ മാസത്തിലെ ജിഎസ്ടി വരുമാനത്തെ അപേക്ഷിച്ച് ഇത്തവണ 36 ശതമാനമാണ് വര്‍ധിച്ചത്. ചരക്ക് ഇറക്കുമതിയിലൂടെയുള്ള നികുതി വരുമാനം 39 ശതമാനം വര്‍ധിച്ചു. അതേസമയം ആഭ്യന്തര ഇടപാടുകളിലൂടെയുള്ള നികുതി വരുമാനത്തില്‍ 19 ശതമാനവും ഉയര്‍ന്നു.
പതിവുപോലെ ഐജിഎസ്ടിയില്‍ നിന്ന് 27310 കോടി സിജിഎസ്ടിയിലേക്കും 22394 കോടി എസ്ജിഎസ്ടിയായും സെറ്റില്‍ ചെയ്തിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക മേഖല കൊവിഡിന്റെ പിടിയില്‍ നിന്ന് കരകയറുന്നതിന്റെ പ്രധാന അടയാളമായാണ് ഇത് വിലയിരുത്തപ്പെടുന്നുണ്ട്. വാഹന വില്‍പ്പനയില്‍ തടസങ്ങളില്ലായിരുന്നെങ്കില്‍ വരുമാനം ഇനിയും ഉയര്‍ന്നേനെ.