അര്‍ജുന്റെ ലോറി പുഴയിലാകാമെന്ന് കളക്ടര്‍: റഡാര്‍ പരിശോധന ആരംഭിച്ച് സൈന്യം; കരയിലും പുഴയിലും പരിശോധിക്കും
ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിനായി റഡാര്‍ എത്തിച്ച് സൈന്യം. റഡാര്‍ ഉപയോഗിച്ച് പുഴയിലും കരയിലും തെരച്ചില്‍ നടത്താനാണ് നീക്കം. അര്‍ജുന്റെ ലോറി റോഡരികിന് സമീപം നിര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. റോഡിന്റെ സൈഡിലായി ഇപ്പോഴും മണ്‍കൂനയുണ്ട്. ഇവിടെ മുന്‍പ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ വാഹനം കരയിലില്ല എന്ന കാര്യം ഉറപ്പ് വരുത്താന്‍ വേണ്ടിയാണ് ഇവിടെ ആദ്യം പരിശോധന നടത്തുന്നത്. അതിന് ശേഷം റഡാര്‍ ഉപയോഗിച്ച് പുഴയിലും പരിശോധന നടത്തും. വളരെ ആഴത്തിലും ദൂരത്തിലും നിന്ന് സിഗ്‌നല്‍ കണ്ടെത്താന്‍ ഈ റഡാറിന് ശേഷിയുണ്ട്.
രാവിലെ മുതല്‍ സ്‌കൂബ ഡൈവേഴേ്‌സ് പുഴയില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. മണ്ണിടിച്ചില്‍ നടന്നതിന് സമീപത്തുള്ള ഗംഗം ഗാവലി പുഴയിലാണ് സ്‌കൂബ ഡൈവേഴ്‌സ് പരിശോധന നടത്തുന്നത്. പുഴയില്‍ മണ്‍കൂനയുള്ള സ്ഥലത്താണ് പരിശോധന. അര്‍ജുനെ കാണാതായിട്ട് ഇന്നേയ്ക്ക് ഏഴുദിവസം പിന്നിടുന്നു. അര്‍ജുന്റെ ലോറി പുഴയിലേക്ക് പോയിരിക്കാനുള്ള സാധ്യതയും സൈന്യം തള്ളിക്കളയുന്നില്ല. പുഴയിലെ പരിശോധനക്കായി കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാവികസേന. അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനത്തിനായി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ലിസ്റ്റ് ചെയ്തു. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി പരിഗണിക്കും.
അര്‍ജുന്റെ വാഹനം പുഴയിലാകാമെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ വ്യക്തമാക്കി. വാഹനം കരയിലുണ്ടാകാന്‍ 99 ശതമാനവും സാധ്യതയില്ലെന്നും കളക്ടര്‍ പറഞ്ഞു. അവ്യക്തമായ ചില സിഗ്‌നല്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അതെന്താണെന്ന് ഉറപ്പിക്കാനായിട്ടില്ല.
മണ്ണിടിച്ചിലിന് 10 മിനിറ്റ് മുമ്പുള്ള കരയുടെ ദൃശ്യങ്ങളുടെ ചിത്രം ഇന്ന് ലഭിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നദിക്കരയില്‍ ആ സമയത്ത് ഏതൊക്കെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടുവെന്ന് ഈ ചിത്രങ്ങളില്‍ നിന്ന് അറിയാന്‍ സാധിക്കും. സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പരിശോധിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധനക്ക് വിധേയമാക്കിയിരുന്നു. അര്‍ജുന്റെ ലോറി സംഭവ സ്ഥലത്തേക്ക് കടന്നുവന്നു എന്ന് സിസിടിവിയില്‍ വ്യക്തമാണ്. മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശം ലോറി കടന്ന് പോയിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
അര്‍ജുന്റെ വാഹനം മണ്ണിനടിയില്‍ ഇല്ലെന്നാണ് കര്‍ണാടക സര്‍ക്കാര്‍ പറയുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ഐഎസ്ആര്‍ഒയുടെ ഉപഗ്രഹ ദൃശ്യങ്ങള്‍ പരിശോധിക്കും. എന്താണ് സാധ്യതയെന്ന് ഉദ്യോഗസ്ഥര്‍ നോക്കി വരികയാണെന്നും തെരച്ചില്‍ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.