എക്‌സ്‌പോയില്‍ മികവോടെ ഇന്ത്യന്‍ പവിലിയന്‍
ദുബായ്: ഇന്ത്യയുടെ വൈവിധ്യവും നിക്ഷേപ സാധ്യതകളും പ്രതിഫലിപ്പിക്കുന്നതാണ് 450 കോടി ചെലവില്‍ നിര്‍മിച്ച എക്‌സ്‌പോ 2020 ഇന്ത്യ പവിലിയന്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
തുറന്ന മനസ്സ്, അവസരം, വളര്‍ച്ച എന്നീ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണിതെന്ന് ഉദ്ഘാടന ചടങ്ങിനെ ഓണ്‍ലൈനില്‍ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി വിശദീകരിച്ചു.
കേന്ദ്രമന്ത്രി പീയൂഷ് ഗോയലാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.4 നിലകളിലായി 8750 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പവിലിയന്‍ സ്ഥിരനിര്‍മിതിയാണ്. സ്വയം തിരിയുന്ന 600ല്‍ ഏറെ ഡിജിറ്റല്‍ ബ്ലോക്കുകള്‍ ചേര്‍ത്താണ് പുറംഭാഗം രൂപ കല്‍പന ചെയ്തത്. ഇവിടെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഉജ്വല മുഹൂര്‍ത്തങ്ങള്‍ തെളിയും.
ദുബായ് എക്‌സ്‌പോയിലെ ഏറ്റവും വലിയ പവിലിയനുകളിലൊന്നാണിത്. താഴത്തെ നിലയില്‍ ഇന്ത്യന്‍ പൈതൃകവും യോഗയുടെ മഹത്വവും വ്യക്തമാക്കുന്നതിനൊപ്പം ബഹിരാകാശ മേഖലയിലെ രാജ്യത്തിന്റെ വളര്‍ച്ചയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഇന്ത്യന്‍ പൈതൃക കലാരൂപങ്ങളാണ് രണ്ടാം നിലയില്‍. മെയ്ക് ഇന്‍ ഇന്ത്യ, പാരമ്പര്യേതര ഊര്‍ജ മേഖലയിലെ ഇന്ത്യന്‍ സാധ്യതകള്‍ തുടങ്ങിയവ 3-ാം നിലയിലുണ്ട്. ആദ്യത്തെ രണ്ടാഴ്ച ഗുജറാത്തിന്റെ വളര്‍ച്ചയും നിക്ഷേപ സാധ്യതകളും അവതരിപ്പിക്കും.
ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ. അഹമ്മദ് അല്‍ ബന്ന, യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍, കോണ്‍സല്‍ ജനറല്‍ േഡാ. അമന്‍പുരി, പ്രവാസി വ്യവസായി എം.എ. യൂസഫലി, ഡോ. ആസാദ് മൂപ്പന്‍, അദീബ് അഹമ്മദ്, ഉന്നത ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ വ്യവസായ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.എക്‌സ്‌പോയ്ക്കു ശേഷം ഇന്ത്യയുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ബിസിനസ് സമ്മേളനങ്ങള്‍ക്കും പവിലിയന്‍ ഉപയോഗിക്കാം.