ഒറ്റക്ക് സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന യുവതികളെ പിന്തുടരും; ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കയറിപ്പിടിക്കും; യുവാവ് അറസ്റ്റില്‍
ഒറ്റക്ക് സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന യുവതികളെ പിന്തുടരുകയും ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ലൈംഗിക ഉദ്ദേശത്തോടെ ആക്രമിക്കുന്നത് പതിവാക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. എടക്കര കൗക്കാട് സ്വദേശി ആലങ്ങാടന്‍ ശ്രീജിത്തി(31)നെയാണ് വഴിക്കടവ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്‌ചെയ്തത്. കഴിഞ്ഞമാസം 13-ന് വൈകുന്നേരം 7.30ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ജോലി കഴിഞ്ഞ് എടക്കരയില്‍ നിന്ന് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആരോഗ്യ പ്രവര്‍ത്തകയായ യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന പ്രതി, മുരിങ്ങമുണ്ടയിലെത്തിയപ്പോള്‍ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ലൈംഗിക ഉദ്ദേശത്തോടെ കയറി പിടിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ആക്രമണത്തില്‍ യുവതി വണ്ടിയ്ക്കൊപ്പം മറിഞ്ഞുവീണു. ഉച്ചത്തില്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് പ്രതി ബൈക്കോടിച്ച് രക്ഷപ്പെടുകയായിരുന്നു.
ഇയാള്‍ മാസ്‌ക്കും ഹെല്‍മറ്റും മഴക്കോട്ടും ധരിച്ചിരുന്നു. തുടര്‍ന്ന് നിലമ്പൂര്‍ ഡി വൈ എസ് പി സാജു കെ അബ്രഹാമിന്റെ കീഴില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷിച്ചു. പ്രദേശത്തെ സി സി ടി വികള്‍ കേന്ദ്രീകരിച്ചും പ്രദേശവാസികള്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് ഒളിവില്‍ പോയ പ്രതിയെ ഇന്നലെ രാവിലെ കൊണ്ടോട്ടി ഒളവട്ടൂരിലുള്ള ജോലിസ്ഥലത്തുനിന്നാണ് പിടികൂടിയത്.