കോഴിക്കോട്: അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട് തീപിടിച്ച എംവി വാന്‍ഹായ് 503 കപ്പല്‍ നിലവില്‍ നിയന്ത്രണം നഷ്ടപ്പെട്ട നിലയിലാണെന്ന് നാവികസേന. കപ്പല്‍ ഒഴുകി നടക്കുകയാണ്. കപ്പലിലെ തീ അണയ്ക്കാനാണ് നിലവില്‍ ശ്രമം നടക്കുന്നത്. സിംഗപ്പൂര്‍ ഷിപ്പിംഗ് അധികൃതര്‍ക്ക് ഇന്ത്യ വിവരം കൈമാറിയിട്ടുണ്ട്. ബിഎസ്എം എന്ന കമ്പനിക്കായിരുന്നു കപ്പലിന്റെ നടത്തിപ്പ് ചുമതല. ഈ കമ്പനിയുമായും ഷിപ്പിംഗ് മന്ത്രാലയം ബന്ധപ്പെടുന്നുണ്ട്. ചൈന മ്യാന്മാര്‍,ഇന്തോനേഷ്യ, തായ്‌ലാന്‍ഡ് പൗരന്മാരാണ് കപ്പലില്‍ ഉള്ളത്.
കടലില്‍ ചാടിയ 22 പേരില്‍ 18 പേരെ രക്ഷപ്പെടുത്തി. നാല് പേരെ കാണാതായി. മ്യാന്മാര്‍ ഇന്തോനേഷ്യന്‍ പൗരന്മാരേയാണ് കാണാതായത്. രക്ഷപ്പെടുത്തിയ 5 പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. കണ്ടെയ്‌നറുകളില്‍ എന്തുണ്ടെന്ന വിവരം കമ്പനികള്‍ നല്കിയിട്ടില്ല. വായു സ്പര്‍ഷം കൊണ്ടും ഘര്‍ഷണം കൊണ്ടും തീപിടിക്കുന്ന വസ്തുക്കളുണ്ടെന്നാണ് വിരവമെന്നും നാവികസേന അറിയിച്ചു.
രക്ഷാ ദൗത്യത്തിന് കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളും മൂന്ന് വിമാനങ്ങളുമാണ് പങ്കെടുക്കുന്നത്. ഐസിജിഎസ് രാജദൂത്, അര്‍ണവേഷ്, സചേത് കപ്പലുകള്‍ അപകട സ്ഥലത്തെത്തി. രക്ഷാ ദൗത്യത്തിനാണ് പ്രഥമ പരിഗണനയെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. കപ്പലിലെ തീയണയ്ക്കാനും ഊര്‍ജിത ശ്രമം തുടരുകയാണ്.
കപ്പല്‍ അപകടത്തില്‍ പരിക്കേറ്റവരെ എത്തിക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സജ്ജമായിരിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് കോഴിക്കോട് കലക്ടര്‍ അറിയിച്ചു. ബേപ്പൂര്‍ എലത്തൂര്‍, ബേപ്പൂര്‍, വടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകളിലേക്കും കോഴിക്കോട് സിറ്റി, റൂറല്‍ പോലീസ് സ്റ്റേഷനുകളിലേക്കും പോര്‍ട്ട് ഓഫീസര്‍ ഫിഷറീസ്, കോഴിക്കോട്, കൊയിലാണ്ടി, വടകര ടിഇഒസികളിലേക്കും അറിയിപ്പ് കൊടുത്തതായി ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ആരോഗ്യവകുപ്പിലേക്ക് വൈദ്യസഹായത്തിനായും അറിയിപ്പ് കൊടുത്തിട്ടുണ്ട്.