പള്‍മണറി എംബോളിസത്തിന് നൂതന സാങ്കേതിക വിദ്യയുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ്
 


കോഴിക്കോട്:  സംസ്ഥാനത്തെ ആദ്യ ''ഫ്‌ലോട്രീവര്‍ കത്തീറ്റര്‍ എംബോലക്ടമി'' ചികിത്സാരീതിയിലൂടെ യുവാവിന് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നിന്ന് പുതുജന്മം.  പള്‍മണറി എംബോളിസത്തെ തുടര്‍ന്ന് ശ്വാസകോശത്തില്‍ ഗുരുതരമായ രീതിയില്‍ രക്തം കട്ടപിടിച്ച വയനാട് സ്വദേശിയായ 31 വയസ്സുകാരനെയാണ്  നൂതന ചികിത്സാ രീതിയായ ''ഫ്‌ലോട്രീവര്‍ കത്തീറ്റര്‍ എംബോലക്ടമി'' സാങ്കേതികവിദ്യയിലൂടെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചത്. 

കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിയെ കടുത്ത ശ്വാസംമുട്ടല്‍, രക്തസമ്മര്‍ദ്ദക്കുറവ്  തുടങ്ങിയ ലക്ഷണങ്ങളോടെയാണ്  ആസ്റ്റര്‍ മിംസില്‍ പ്രവേശിപ്പിച്ചത്.  സിടി സ്‌കാനിലെ റിപ്പോര്‍ട്ടില്‍ ശസ്ത്രക്രിയ നടന്ന കാലു മുതല്‍ ശ്വാസകോശത്തിലെ പ്രധാന ധമനികളില്‍ വരെ നിരവധി രക്തക്കട്ടകള്‍ രൂപപ്പെട്ടതായി കണ്ടെത്തി. ഹൃദയത്തില്‍ നിന്ന് ശ്വാസകോശത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്ന ഈ അവസ്ഥ രോഗിയുടെ ജീവന് തന്നെ  ഭീഷണിയായിരുന്നു. മരുന്നുകളോട് രോഗിയുടെ ശരീരം പ്രതികരിക്കാത്തതിനാലും ജീവന്‍ നഷ്ടപ്പെടാനുള്ള സാധ്യത വളരെക്കൂടുതലായതിനാലുമാണ് അത്യാധുനിക ചികിത്സാമാര്‍ഗ്ഗമായ ഈ രീതി തിരഞ്ഞെടുത്തത്. ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ.സല്‍മാന്‍ സലാഹുദ്ദീന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് അതിസങ്കീര്‍ണമായ ഈ പ്രൊസീജിയര്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.  

വലിയ ശസ്ത്രക്രിയകള്‍ കൂടാതെ ശ്വാസകോശത്തിലെ രക്തക്കട്ടകള്‍ നേരിട്ട് വലിച്ചെടുത്ത് നീക്കം ചെയ്യുന്ന അത്യാധുനിക സംവിധാനമാണ് ''ഫ്‌ലോട്രീവര്‍ കത്തീറ്റര്‍ എംബോലക്ടമി''. രോഗിയുടെ തുടയിലെ പ്രധാന ഞരമ്പിലൂടെ കടത്തിവിടുന്ന പ്രത്യേക കത്തീറ്റര്‍ (ചെറിയ കുഴല്‍) ഹൃദയം വഴി ശ്വാസകോശത്തിലെ ധമനികളിലെത്തിച്ചാണ് ഈ പ്രൊസീജ്യര്‍ ചെയ്യുന്നത്. റേഡിയോ ഫ്രീക്വന്‍സി അല്ലെങ്കില്‍ കത്തീറ്റര്‍ ഗൈഡന്‍സ് വഴി വലിയ രക്തക്കട്ടകളെപ്പോലും സുരക്ഷിതമായി ഈ സംവിധാനത്തിലൂടെ വലിച്ചെടുക്കാന്‍ സാധിക്കും. അതിനാല്‍ വലിയ രക്തസ്രാവത്തിനുള്ള സാധ്യത ഒഴിവാക്കുന്നു എന്നതാണ് ഈ ചികിത്സയുടെ പ്രധാന സവിശേഷത. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്തരം  സാങ്കേതികവിദ്യ വിജയകരമായി ഉപയോഗിക്കുന്നത്.'ഒരു യുവരോഗിയുടെ ജീവന്‍ നിര്‍ണായകമായ ഘട്ടത്തില്‍ രക്ഷിക്കാന്‍ കഴിഞ്ഞത് വലിയൊരു നേട്ടമാണ്. സങ്കീര്‍ണമായ ഓപ്പണ്‍ സര്‍ജറികളോ പാര്‍ശ്വഫലങ്ങളോ ഇല്ലാതെ അതിവേഗം രോഗിയെ സാധാരണ നിലയിലേക്ക് എത്തിക്കാന്‍ ഈ അത്യാധുനിക പ്രൊസീജിയറിലൂടെ സാധിച്ചു എന്നത് അത്യന്തം സന്തോഷകരമായ കാര്യമാണെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോ. സല്‍മാന്‍ സലാഹുദ്ദീന്‍ പറഞ്ഞു.

കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍മാരായ ഡോ.സുദീപ് കോശി, ഡോ.സന്ദീപ് മോഹനന്‍ , ഡോ. ജയേഷ് ഭാസ്‌കരന്‍, ഡോ. ബിജോയ് കരുണാകരന്‍ എന്നിവരും അനസ്‌തേഷ്യ, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗങ്ങളിലെ വിദഗ്ധരും അടങ്ങുന്നതായിരുന്നു ജീവന്‍രക്ഷാ ദൗത്യത്തില്‍ പങ്കാളികളായ മെഡിക്കല്‍ സംഘം. കഴിഞ്ഞ 25 വര്‍ഷമായി സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ സങ്കീര്‍ണമായ നിരവധി മെഡിക്കല്‍ പ്രൊസീജിയറുകള്‍ക്കും അത്യാധുനിക ചികിത്സാരീതികള്‍ക്കും കോഴിക്കോട് ആസ്റ്റര്‍ മിംസ് നേതൃത്വം നല്‍കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുക വഴി രോഗികള്‍ക്ക് സുരക്ഷിതവും മികവുറ്റതുമായ സേവനങ്ങള്‍ ഉറപ്പാക്കാന്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്  പ്രതിജ്ഞാ ബദ്ധമാണെന്ന് സിഒഒ ഡോ.ഗോപിനാഥ് മാമ്പള്ളിക്കളം പറഞ്ഞു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media