കോഴിക്കോട്: ഇടപ്പള്ളി ടോളിലെ കടയുടെ മുന്നില്‍ നിന്ന് മോഷ്ടാവ് എടുത്തുകൊണ്ടുപോയ 80കാരനായ പ്രകാശന്‍ ചേട്ടന്റെ സൈക്കിള്‍ തിരികെ നല്‍കിയാല്‍ മോഷ്ടാവിന് 5 ലക്ഷം രൂപ നല്‍കുമെന്നും മോഷ്ടാവ് മനസാന്തരപ്പെട്ടാല്‍ ശിഷ്ടകാലം മോഷ്ടിക്കാതെ ജീവിക്കാന്‍ നല്ല ജോലിയും നല്‍കാമെന്നും ബോചെ. തന്റെ ഫോണ്‍നമ്പറില്‍ (7994811119) വിളിച്ച് മോഷ്ടാവ് സൈക്കിള്‍ നേരിട്ട് ഏല്‍പ്പിച്ചാല്‍ പണം നല്‍കുമെന്നും ഇത് ആരും അറിയില്ലെന്നും ബോചെ അറിയിച്ചു.
പത്താം വയസില്‍ പിതാവ് എം ആര്‍ ബാലകൃഷ്ണന്‍ സമ്മാനിച്ച 70 വര്‍ഷത്തോളം പഴക്കമുള്ള റാലി സൈക്കിള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത പങ്കിട്ടുകൊണ്ടാണ് ബോചെ സമൂഹ മാധ്യമത്തിലൂടെ വാഗ്ദാനം മുന്നോട്ടുവച്ചത്. വാര്‍ത്ത വായിച്ച് തനിക്കുണ്ടായ വിഷമത്തെക്കാള്‍ എത്രയോ മടങ്ങ് വലുതായിരിക്കും പരമ്പരാഗതമായി കിട്ടിയ സൈക്കിള്‍ നഷ്ടപ്പെട്ടപ്പോള്‍ ഉടമയ്ക്ക് ഉണ്ടായിരിക്കുകയെന്നും അദ്ദേഹം പറഞ്ഞു .ബോചെയുടെ വാഗ്ദാനത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് എം ബി പ്രകാശ് പറഞ്ഞു .ബുധനാഴ്ച വൈകിട്ടാണ് സൈക്കിള്‍ നഷ്ടമായത്.