ദില്ലി: ഇറാന്‍ യുദ്ധം പുതിയ തലത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ നട്ടെല്ലായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാന്‍ അമേരിക്കന്‍ സൈന്യം പദ്ധതിയിടുന്നതായാണ് വിവരം. ഇറാന്റെ ആകെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് തന്ത്രപ്രധാനമായ ഈ ദ്വീപ് വഴിയാണ്. ഈ നീക്കം വിജയിച്ചാല്‍ ഇറാന്റെ സാമ്പത്തിക വരുമാനം ഗണ്യമായി കുറയ്ക്കാനും യുദ്ധത്തിന്റെ ഗതി തന്നെ മാറ്റാനും സാധിക്കുമെന്നാണ് അമേരിക്ക വിലയിരുത്തുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.ഖാര്‍ഗ് ദ്വീപിലേക്ക് അമേരിക്കന്‍ കരസേനയെ ഇറക്കുന്നതിനെക്കുറിച്ച് ട്രംപ് ഭരണകൂടം ഇതിനോടകം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ ഊര്‍ജ്ജ മേഖലയില്‍ ശക്തമായ സമ്മര്‍ദം. ചെലുത്താനുള്ള തന്ത്രപ്രധാനമായ നീക്കമായാണ് സൈനിക വൃത്തങ്ങള്‍ ഇതിനെ കാണുന്നത്. ലോകത്തെ തന്നെ പ്രധാന കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാനും മേഖലയില്‍ തങ്ങളുടെ സൈനിക സാനിധ്യം വുപുലൂകരിക്കാനും ഇതുവഴി അമേരിക്ക ലക്ഷ്യമിടുകയാണ്.
ഈ ദൗത്യത്തിന്റെ ഭാഗമായി അമേരിക്കയുടെ '82-ാം എയര്‍ബോണ്‍ ഡിവിഷനിലെ' ആയിരക്കണക്കിന് സൈനികരെ മിഡില്‍ ഈസ്റ്റിലേക്ക് അയക്കാന്‍ ഉത്തരവായിട്ടുണ്ടെന്നും വിവരമുണ്ട്. ഫോര്‍ട്ട് ബ്രാഗില്‍ നിന്നുള്ള ഈ എലൈറ്റ് വിഭാഗത്തിലെ സൈനികര്‍ക്ക് കേവലം 18 മണിക്കൂറിനുള്ളില്‍ എവിടെയും യുദ്ധസജ്ജരായി വിന്യസിക്കപ്പെടാന്‍ ശേഷിയുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച 'ഇമ്മീഡിയറ്റ് റെസ്‌പോണ്‍സ് ഫോഴ്‌സ്' ഇതിനോടകം തന്നെ സജ്ജമായിക്കഴിഞ്ഞു.
ഫെബ്രുവരി 28-ന് ആരംഭിച്ച സംയുക്ത സൈനിക നീക്കങ്ങളില്‍ ഇതിനകം 13 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും 290 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ ആക്രമിക്കുമെന്ന് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ചില ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ അത് താല്‍ക്കാലികമായി നീട്ടിവെച്ചിരുന്നു. എന്നാല്‍ അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചകളും നടന്നിട്ടില്ലെന്നാണ് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്. നിലവില്‍ 50,000-ത്തോളം അമേരിക്കന്‍ സൈനികര്‍ പശ്ചിമേഷ്യയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രങ്ങളെ നേരിട്ട് ലക്ഷ്യം വെക്കുന്നത് യുദ്ധം കൂടുതല്‍ രൂക്ഷമാകാന്‍ കാരണമായേക്കും.