മസ്‌കറ്റ്: ഒമാന്‍ തീരത്ത് 14 ഇന്ത്യക്കാരടങ്ങുന്ന പായ്ക്കപ്പല്‍ മുങ്ങുന്നതായി റിപ്പോര്‍ട്ട്. ശനിയാഴ്ച റാസ് അല്‍ ഹദ്ദിന് കിഴക്ക് 80 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം സംഭവിച്ചത്. അമേരിക്കന്‍ നാവികസേനയാണ് നിര്‍ണായക വിവരം ഇന്ത്യന്‍ നാവിക സേനക്ക് കൈമാറിയത്. അമേരിക്കന്‍ നാവികസേനയുടെ പി 8 വിമാനം അപകടത്തില്‍പ്പെട്ടവര്‍ക്കായി ലൈഫ് റാഫ്റ്റ് താഴേക്കിട്ടു നല്‍കുകയും, ജീവനക്കാരെ രക്ഷിക്കാന്‍ ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ മര്‍ച്ചന്റ് വെസല്‍ ജബല്‍ അലി 9 എന്ന കപ്പലും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്. അമേരിക്കന്‍ നാവിക സേന നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ നാവികസേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.