തിരുവനന്തപുരം: ലയണല്‍ മെസി നായകനായുള്ള അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിലെ കള്ളക്കളിയില്‍ സമഗ്ര അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ മുഖ്യമന്ത്രി ശുപാര്‍ശ ചെയ്തു. മുഖ്യമന്ത്രി ഫയല്‍ ആഭ്യന്തര വകുപ്പിന് കൈമാറി. തുടക്കം മുതലുള്ള എല്ലാ നടപടികളും അന്വേഷിക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥനായിരിക്കും അന്വേഷണത്തിന്റെ ചുമതല നല്‍കുക.
റിപ്പോര്‍ട്ടര്‍ കമ്പനിയെ സ്‌പോണ്‍സറായി തിരെഞ്ഞെടുത്തത് എങ്ങനെ?, സ്വകാര്യ കമ്പനിക്ക് അനുകൂലമായി വഴിവിട്ട നീക്കങ്ങള്‍ നടന്നതെങ്ങനെ?, സാമ്പത്തിക ഇടപാടുകള്‍, ഫണ്ടിന്റെ സ്രോതസ്സ്, സ്റ്റേഡിയം കൈമാറ്റം ഉള്‍പ്പെടെ സര്‍ക്കാര്‍ അനുമതിക്കും ഉത്തരവുകള്‍ക്കും പിന്നിലെന്ത്?, മെസ്സിയെ കൊണ്ടുവരും എന്ന പേരിലെ വിദേശ സന്ദര്‍ശനം, കരാറുകള്‍, എല്ലാ സര്‍ക്കാര്‍ രേഖകളും ബാങ്ക് ഇടപാടുകളും പരിശോധിക്കാന്‍ സ്വാതന്ത്ര്യം എന്നിവയെല്ലാം അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നാണ് വിവരം.
അതേസമയം, മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നല്‍കിയുള്ള തട്ടിപ്പില്‍ ജിഎസ്ടി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടിയായില്ല. 22.68 കോടി രൂപ നികുതി അടയ്ക്കാത്തതില്‍, ഉദ്യോഗസ്ഥ വീഴ്ച ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 19ന് എസ്‌ഐടി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നാല് ഉദ്യോഗസ്ഥര്‍ക്ക് ചാര്‍ജ് മെമോ നല്‍കിയിരുന്നെങ്കിലും തുടര്‍ നടപടി എടുത്തിട്ടില്ല. സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് രണ്ട് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയല്ലാതെ 206 കോടി രൂപ വന്നതില്‍ കമ്പനികളോട് വിശദീകരണം തേടിയിരുന്നു. ഇതില്‍ ഒരു സ്ഥാപനം മറുപടി നല്‍കി. ഇതില്‍ വിശദ പരിശോധന വേണമെന്നാണ് എസ്‌ഐടി നിലപാട്. ഒരു ധനകാര്യ സ്ഥാപനം വിശദീകരണം നല്‍കിയിട്ടില്ലെന്നാണ് വിവരം.