ദില്ലി: രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സുപ്രധാന നടപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി. പശ്ചിമേഷ്യന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ രാജ്യം നേരിടുന്ന ഊര്‍ജ്ജ പ്രതിസന്ധി കണക്കിലെടുത്ത് പെട്രോള്‍, ഡീസല്‍ ഉപഭോഗം കുറയ്ക്കാനും, സാധ്യമാകുന്നിടത്തെല്ലാം വീട്ടില്‍ നിന്ന് ജോലി ചെയ്യാനും, അനാവശ്യമായ വിദേശ യാത്രകള്‍ ഒഴിവാക്കാനും പ്രധാനമന്ത്രി മോദി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.
സുരക്ഷാ വ്യൂഹത്തില്‍ പരമാവധി ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായി പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് പകരം നിലവിലുള്ള വാഹനങ്ങളെ ഇലക്ട്രിക് സംവിധാനത്തിലേക്ക് മാറ്റാനാണ് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സുരക്ഷാ ചുമതലയുള്ള എസ്പിജി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു. സുരക്ഷയില്‍ വിട്ടുവീഴ്ചയും വരുത്താതെ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനാണ് തീരുമാനം.പ്രധാനമന്ത്രിക്ക് പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അകമ്പടി വാഹനങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രിയും വാഹനവ്യൂഹം ചുരുക്കും. മഹാരാഷ്ട്രയില്‍ എംഎല്‍എമാരുടെ പഠനയാത്രയും റദ്ദാക്കിയിട്ടുണ്ട്.