കോഴിക്കോട്: കര്‍മത്തിന്റെ മുഖ്യ ലക്ഷ്യം ആനന്ദം അനുഭവിക്കുക എന്നതാണെന്നും അത് നേടാനായി ഏകാഗ്രമായ കര്‍മ്മം ചെയ്യണമെന്നും ആചാര്യശ്രീ രാജേഷ് പറഞ്ഞു. കാശ്യപവേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മുറജപത്തോട് കൂടിയ 14-ാമത് വേദസപ്താഹത്തിലെ ജ്ഞാനയജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതം സുഖസമ്മിശ്രമാണ്. അതില്‍ ആനന്ദം കണ്ടെത്തുക എന്നതാണ് പരമപ്രധാനം. അതിനായി ഒരേ സമയം ഒരു കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം. ഏത് ജോലി ചെയ്യുമ്പോഴും ആനന്ദം ലഭിക്കുക എന്നത് പ്രധാനമാണ്. അത് തൊട്ടറിയാന്‍ മനസ്സ് ശാന്തവും ശുദ്ധവുമായിരിക്കണം. അതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഉപാസനയെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റത്തെങ്ങിലെ വേദമഹാമന്ദിരത്തില്‍ കര്‍ക്കടകം 1 മുതല്‍ 7 വരെയാണ് (ജൂലൈ 17-23) വേദസപ്താഹം നടക്കുന്നത്. വേദം മുഴുവന്‍ പാരമ്പര്യ രീതിയില്‍ ചൊല്ലുന്ന ചടങ്ങാണ് മുറജപം.
വേദമഹാമന്ദിരത്തിന്റെ യജ്ഞവേദിയില്‍ സാംഗ്രഹണീഷ്ടിയോടെയാണ് വേദസപ്താഹം ആരംഭിച്ചത്. വൈകീട്ട് നടക്കുന്ന ദേവീസൂക്ത ഹോമത്തോടെയാണ് വെള്ളിയാഴ്ചയിലെ വേദസപ്താഹം സമാപിച്ചത്.
ശനിയാഴ്ച രാവിലെ എട്ടോടെ സപ്താഹത്തിന്റെ ഭാഗമായ മൃഗാരിഷ്ടി ആരംഭിക്കും. തുടര്‍ന്ന് ജ്ഞാനയജ്ഞം, മുറജപം, അരുണപ്രശ്‌ന ഹോമവും നടക്കും.
മുറജപത്തിന്റെ ഭാഗമായി അനപത്യതാദോഷം, ദാരിദ്രദുഃഖം, തുടങ്ങി മനുഷ്യജീവിതത്തെ ബാധിച്ചേക്കാവുന്ന സകലവിധ ദുരിതങ്ങളെയും ശമിപ്പിക്കുന്നതിനുള്ള വിശേഷമന്ത്രങ്ങളും കുട്ടികളുടെ പഠനവൈകല്യത്തെ മറികടക്കുന്നതിനും രോഗശമനത്തിനും വിശേഷപ്പെട്ട തൈത്തിരീയ മന്ത്രങ്ങള്‍ അന്നദോഷമകറ്റുന്നതിനും ദേവതാനമസ്‌കാരത്തിനുമുള്ള വിശേഷമന്ത്രങ്ങള്‍ തുടങ്ങി അത്യപൂര്‍വ മന്ത്രങ്ങള്‍ പ്രയോഗിക്കപ്പെടുന്നു.