ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണയത്തിലെ വിവാദത്തില്‍ നിര്‍ണായക നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. സിബിഎസ്ഇ ചെയര്‍മാനെയും സെക്രട്ടറിയും മാറ്റി. ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗില്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ചെയര്‍മാന്‍ രാഹുല്‍ സിങ്, സെക്രട്ടറി ഹിമാന്‍ഷൂ ഗുപ്ത എന്നിവരെയാണ് മാറ്റിയത്. അന്വേഷണസമിതിയും നിയോഗിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.
അതേസമയം, പുനര്‍മൂല്യനിര്‍ണയത്തിനായി പത്ത് മണിക്കൂറില്‍ അപേക്ഷിച്ചത് പതിനാറായിരത്തോളം പേരാണ്. ഇന്ന് പുലര്‍ച്ചെയാണ് വെബ്‌സൈറ്റ് പ്രവര്‍ത്തനക്ഷമമായത്. ഈ മാസം 6 വരെ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷ നല്‍കാം. പുതിയ പോര്‍ട്ടലിനെതിരെ സൈബര്‍ ആക്രമണശ്രമം പ്രതിരോധിച്ചെന്ന് സിബിഎസ്ഇ വ്യക്തമാക്കി. ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിംഗിന് വിവാദ കമ്പനിയായ കോംപ്റ്റിന് കരാര്‍ നല്‍കാന്‍ ടെന്‍ഡര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയതിന്റെ രേഖകളും പുറത്ത് വന്നു.
രണ്ടാഴച്ചയോളം വിദ്യാര്‍ത്ഥികളെ വലച്ച് ഒടുവിലാണ് പുനര്‍മൂല്യനിര്‍ണ്ണയത്തിനുള്ള സിബിഎസ്ഇ വെബ്‌സെറ്റ് പ്രവര്‍ത്തനം തുടങ്ങിയത്. ഇന്നലെ തുടങ്ങുമെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നെങ്കിലും ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യഘട്ടത്തിലുണ്ടായിരുന്നു ചില പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും നിലവില്‍ പ്രവര്‍ത്തനം സുഗമമാണെന്നും ബോര്‍ഡ് അവകാശപ്പെട്ടു. പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ കൂടുതല്‍ വിദഗ്ധരുടെ സഹായം ഇന്നലെ സര്‍ക്കാര്‍ തേടിയിരുന്നു. അപേക്ഷ എങ്ങനെ നല്‍കാം എന്നത് വിശദീകരിക്കുന്ന വിഡിയോയും സിബിഎസ്ഇ തയ്യാറാക്കി. ഡെസ്‌ക്ടോപിലോ ലാപ്‌ടോപിലോ തന്നെ പോര്‍ട്ടല്‍ തുറക്കണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇതിനിടെ സൈറ്റിന് നേരെ സൈബര്‍ ആക്രമണശ്രമം നടന്നെന്ന് എന്ന് സിബിഎസ്ഇ വ്യക്തമാക്കി. സേവനം തടസ്സപ്പെടുത്താനായിരുന്നു നീക്കം. ഇതിനെ പ്രതിരോധിച്ചെന്ന് ബോര്‍ഡ് അറിയിച്ചു. കോംപ്റ്റിന് ഒഎസ്എം കരാര്‍ നല്‍കിയതില്‍ അഴിമതി ആരോപണം കത്തുകയാണ്. വിഷയത്തില്‍ കേന്ദ്രവിദ്യാഭ്യാസമന്ത്രാലയം സിബിഎസ്ഇയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. ടെന്‍ഡറിന്റെ വിശദാംശങ്ങളില്‍ കൃത്യമായ പരിശോധന നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സിബിഎസ്ഇ നല്കുന്ന റിപ്പോര്‍ട്ട് പഠിച്ച ശേഷം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണോയെന്ന് തീരുമാനിക്കും.