കേരളം മാറ്റത്തിന്റെ പാതയില്‍, പാലക്കാട് ബിജെപിക്ക് കേരളത്തിലേക്കുള്ള കവാടം: നരേന്ദ്രമോദി
 



പാലക്കാട്: എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട്ടെത്തി. കോട്ടമൈതാനത്തെ പൊതുവേദിയില്‍ നിറഞ്ഞ പ്രവര്‍ത്തകര്‍ക്ക് ആവേശമായി മലയാളത്തിലാണ് മോദി പ്രസംഗം ആരംഭിച്ചത്. കേരളത്തില്‍ മാറ്റത്തിന് തുടക്കമായെന്നും ഇത്തവണ കേരളം മാറ്റത്തിന്റെ സന്ദേശം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്‍ഡിഎയ്ക്ക് ലഭിക്കുന്ന സ്വീകാര്യത ഇതിന് തെളിവാണ്. കേരളത്തിലെ യുവാക്കളുടെ വിശ്വാസവും സ്ത്രീകളുടെ സ്‌നേഹവും എന്‍ഡിഎയ്‌ക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കല്‍പാത്തി ക്ഷേത്രത്തിന് പ്രണാമം അര്‍പ്പിച്ചാണ് മോദി തന്റെ പ്രസംഗം ആരംഭിച്ചത്. പാലക്കാടിന്റെ പ്രകൃതി സൗന്ദര്യം വര്‍ണിച്ച മോദി, പാലക്കാട് കേരളത്തിലേക്കുള്ള ബിജെപിയുടെ കവാടമാണെന്നും കല്‍പ്പാത്തി കാശിക്ക് സമാനമാണെന്നും അഭിപ്രായപ്പെട്ടു. വികസനം മോദിയുടെ ഗ്യാരന്റിയാണെന്നും മാറാത്തത് ഇനി മാറും പ്രധാനമന്ത്രി പറഞ്ഞു. കല്‍പാത്തിയെ കാശിയോട് ഉപമിച്ച മോദി, വാരണാസിയില്‍ നിന്നുള്ള അംഗമായ തനിക്ക് പാലക്കാട് ഏറെ പ്രിയപ്പെട്ടതാണെന്നും കൂട്ടിച്ചേര്‍ത്തു. ഇടത് വലത് മുന്നണികള്‍ കേരളത്തെ പിന്നോട്ടടിച്ചു. ബിജെപി അതിവേഗ വികസനം കേരളത്തില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വരുന്നതിനെ ഇരുമുന്നണികളും ഭയക്കുന്നുവെന്നും സിപിഎമ്മും കോണ്‍ഗ്രസും തെരഞ്ഞെടുപ്പില്‍ കഥകളുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. 

കേരളത്തിലെ മഹാന്മാരെ മോദി തന്റെ പ്രസംഗത്തില്‍ പേരെടുത്ത് പരാമര്‍ശിച്ചു. 'ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമി, മന്നത്ത് പത്മനാഭന്‍, അയ്യങ്കാളി, കുര്യാക്കോസ് ഏലിയാസ് ചാവറ എന്നീ മഹാ തേജസ്വികളെ ഞാന്‍ പ്രണാമം അര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്‍ഡിഎഫിനെതിരെയും കോണ്‍ഗ്രസിനെതിരെയും മോദി പ്രസംഗത്തില്‍ തുറന്നടിച്ചു. പതിറ്റാണ്ടുകളായി യുഡിഎഫും എല്‍ഡിഎഫും കേരളത്തെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ മുന്‍ സര്‍ക്കാരുടെ ചെയ്തികളെ കുറിച്ച് അന്വേഷണം നടത്തും. ബിജെപി, എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരുമെന്നും മോദി പ്രതീക്ഷയര്‍പ്പിച്ചു.

കേരളത്തിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ എല്ലാം ചെയ്തുവെന്ന് പ്രധാനമന്ത്രി. സംസ്ഥാന സര്‍ക്കാര്‍ ഈ പണമെല്ലാം കട്ടുമുടിച്ചു. നിങ്ങള്‍ക്ക് നല്‍കിയ പണമാണ് കൊള്ളയടിച്ചതെന്നും മോദി പറഞ്ഞു. എവിടെ ഇടതുഭരണം ഉണ്ടോ അവയെല്ലാം ജനങ്ങള്‍ ഒഴിവാക്കി. ബംഗാളിലും ത്രിപുരയിലും അത് നമ്മള്‍ കണ്ടു. അതേ സംഭവം കേരളത്തിലും ആവര്‍ത്തിക്കാന്‍ പോകുകയാണ്. 

പാലക്കാടിന് നല്‍കിയ വികസന പദ്ധതികള്‍ മോദി പ്രസംഗത്തില്‍ എടുത്ത് പറഞ്ഞു. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടായപ്പോള്‍ പാലക്കാട് ഐഐടി വന്നു, നാഷണല്‍ ഹൈവേയുടെ വികാസം നടന്നു, പാലക്കാട് സ്മാര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ സിറ്റിയായിയെന്നും മോദി കൂട്ടിച്ചേര്‍ത്തു.
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media