മോന്‍സന്‍ മാവുങ്കലിനെതിരെ പോക്‌സോ കേസ്;
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ മുഖ്യ പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ പീഡനക്കേസും . പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ കലൂരിലെ വീട്ടില്‍ വെച്ച് ബാലാത്സംഗം ചെയ്‌തെന്നാണ് കേസ്. എറണാകുളം നോര്‍ത്ത് പോലീസാണ് കേസെടുത്തത്.
കലൂരിലെ വീട്ടിന് പുറമെ കൊച്ചിയിലെ മറ്റൊരു വീട്ടില്‍ വെച്ചും പീഡനം നടന്നു. പെണ്‍കുട്ടിക്ക് 17 വയസുള്ളപ്പോഴാണ് പീഡനം നടന്നത്. മോന്‍സനെതിരെ ഇത്രയും കാലം ഭയം കൊണ്ടാണ് പരാതിപ്പെടാതിരുന്നതെന്നാണ് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയിരിക്കുന്ന മൊഴി. കേസ് നോര്‍ത്ത് പൊലീസാണ് രജിസ്റ്റര്‍ ചെയ്തതെങ്കിലും ഇത് ക്രൈം ബ്രാഞ്ചിന് കൈമാറാന്‍ സാധ്യതയുണ്ട്.
ക്രൈം ബ്രാഞ്ചാണ് മോന്‍സനെതിരായ തട്ടിപ്പ് കേസുകള്‍ അന്വേഷിക്കുന്നത്. കേസില്‍ ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് മോന്‍സന്‍. തട്ടിപ്പ് കേസിന്റെ ചുരുളഴിയാന്‍ അനിത പുല്ലയിലിനെക്കൂടി ചോദ്യം ചെയ്യണമെന്നാണ് അന്വേഷണസംഘം പറയുന്നത്. മോന്‍സനുമായി തെറ്റിപ്പിരിയും മുന്‍പ് അനിത നടത്തിയ സാമ്പത്തിക ഇടപാടുകളടക്കം അന്വേഷണവിധേയമാക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.