തൃശ്ശൂര്‍: ആവര്‍ത്തിച്ചുള്ള സുരേഷ് ഗോപിയുടെ പ്രകീര്‍ത്തനത്തിന് പിന്നാലെ തൃശ്ശൂര്‍ മേയര്‍ എം കെ വര്‍ഗീസ് സ്ഥാനം ഒഴിയണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്. മുന്‍ധാരണ പ്രകാരം മേയര്‍ സ്ഥാനം രാജി വെച്ച് മുന്നണിയില്‍ തുടരാന്‍ എം കെ വര്‍ഗീസ് തയാറാകണമെന്നാണ് കെ കെ വത്സരാജ് ആവശ്യപ്പെട്ടത്. മേയറുടെ ബിജെപി അനുകൂല നിലപാട് പ്രതിഷേധാര്‍ഹമാണ് സിപിഐ ജില്ലാ സെക്രട്ടറി വിമര്‍ശിച്ചു. തൃശ്ശൂരിലെ പരാജയത്തിന് മേയറുടെ നിലപാട് ഒരു കാരണമായിയെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
എം കെ വര്‍ഗീസിന്റെ ഒറ്റയാളുടെ പിന്‍ബലത്തില്‍ എല്‍ഡിഎഫ് ഭരണം കയ്യാളുന്ന തൃശ്ശൂരില്‍ മേയര്‍ക്ക് ബിജെപിയുമായി അടുപ്പം കൂടുതലാണെന്ന് സിപിഐക്ക് പരാതി നേരത്തെ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ സുരേഷ് ഗോപി നേരിട്ടെത്തി മേയറെ കണ്ട് വോട്ട് ചോദിച്ചതും അന്ന് മേയര്‍ നടത്തിയ പ്രശംസയും ചില്ലറയൊന്നുമല്ല ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയത്. കനത്ത തോല്‍വിക്ക് പിന്നാലെ മേയര്‍ക്കെതിരെ നിശിത വിമര്‍ശനം സിപിഐ കമ്മിറ്റികളില്‍ ഉയരുകയും ചെയ്തു. സിപിഎം ഇടപെട്ട് ഇരു കൂട്ടരെയും അനുനയിപ്പിച്ച കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതിനിടെയാണ് വീണ്ടും സുരേഷ് ഗോപിയും മേയറും പരസ്യ പ്രകീര്‍ത്തനവുമായി രംഗത്തെത്തിയത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മേയര്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്ന് അഭ്യൂഹവും തൃശ്ശൂരില്‍ ശക്തമാണ്.