റെക്കോര്‍ഡ് ടോള്‍ പിരിവുമായി ഫാസ്ടാഗ്;
പ്രതിദിന വരുമാനം 104 കോടി രൂപ കവിഞ്ഞു
ദില്ലി: റെക്കോര്‍ഡിട്ട് ഫാസ്റ്റാഗ് വഴിയുള്ള പ്രതിദിന ടോള്‍ പിരിവ്. ഏകദേശം 104 കോടി രൂപയിലെത്തിയിരിക്കുകയാണ് ടോള്‍പിരിവ്. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2021 ഫെബ്രുവരി 16 മുതല്‍ ടോള്‍ പ്ലാസകളില്‍ ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാക്കിയിരുന്നു.
കഴിഞ്ഞ ഒരാഴ്ചയിലെ ടോള്‍ പിരിവ് പ്രതിദിനം 100 കോടി രൂപയിലധികം വരും. ഫാസ്റ്റ് ടാഗ് വഴിയുള്ള ടോള്‍ പിരിവ് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 103.94 കോടി രൂപയിലെത്തി കഴിഞ്ഞ ദിവസം റെക്കോര്‍ഡിട്ടിരുന്നു. ഫാസ്റ്റ് ടാഗ് സുഗമമായി നടപ്പിലാക്കിയത് ഇലക്ട്രോണിക് ടോള്‍ ഇടപാടുകള്‍ വര്‍ധിപ്പിച്ചു. ശരാശരി 65 ലക്ഷത്തിലധികം ഇടപാടുകളാണ് ഒരു ദിവസം നടക്കുന്നത്.
ഇലക്ട്രോണിക് ടോള്‍ പിരിവില്‍ 27 ശതമാനമാണ് വര്‍ധന. ഫാസ്ടാഗ് വഴിയുള്ള ടോള്‍പിരിവില്‍ 20 ശതമാനമാണ് വര്‍ധന. ഫാസ്റ്റ്ടാഗ് നടപ്പാക്കിയത് ദേശീയപാത ടോള്‍ പിരിവ് കേന്ദ്രങ്ങളിലെകാത്തിരിപ്പ് സമയം ഗണ്യമായി കുറച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഏകദേശം 20 ലക്ഷം പുതിയ ഫാസ്റ്റ് ടാഗ് ഉപയോക്താക്കള്‍ സംവിധാനത്തിന്റെ ഭാഗമായതായി എന്‍എഎഐഐ വ്യക്തമാക്കുന്നു. ഇതോടെ മൊത്തം ഫാസ്റ്റ് ടാഗ് ഉപയോക്താക്കളുടെ എണ്ണം 2.8 കോടി കടന്നു.
ദേശീയപാത ഉപയോക്താക്കളുടെ നിരന്തരമായ വളര്‍ച്ചയും ഫാസ്റ്റ് ടാഗ് ടോള്‍ പിരിവുകള്‍ കുത്തനെ ഉയരാന്‍ കാരണമാകുന്നുണ്ടെന്നാണ് സൂചന. ടോള്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകാന്‍ ഇലക്ട്രോണിക് സംവിധാനം സഹായകരമായേക്കും. രാജ്യത്തെ ഹൈവേ സൗകര്യ വികസന രംഗത്ത് നിക്ഷേപിക്കാന്‍ കൂടുതല്‍ നിക്ഷേപകരെ പ്രോത്സാഹിപ്പിച്ചേക്കും.