പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് വെള്ളത്തില്‍ മുങ്ങി
കോട്ടയം: പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങി. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നിലാണ് സംഭവം. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിക്ക് മുന്നിലെ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതി വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ ഒരാള്‍ പൊക്കത്തോളം വെള്ളമാണുണ്ടായിരുന്നത്. ബസില്‍ ഉണ്ടായിരുന്നവരെ പ്രദേശവാസികള്‍ ചേര്‍ന്ന് പുറത്തിറക്കി. പിന്നാലെ വടം കെട്ടി ബസ് വെള്ളക്കെട്ടില്‍ നിന്ന് വലിച്ചുകയറ്റുകയായിരുന്നു.
കോട്ടയം ഇടുക്കി ജില്ലകളില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. കോട്ടയത്ത് കൂട്ടിക്കലടക്കം കിഴക്കന്‍ മേഖലയിലെ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍നിന്ന് ആളുകളെ മാറ്റുന്നതിന് എയര്‍ ലിഫ്റ്റിങിനാണ് സഹായം തേടിയത്.