കൊച്ചി : ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടെ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ കോതമംഗലത്തെ കുടുംബ വീടിരിക്കുന്ന ഭൂമിയില്‍ സര്‍വേ ആരംഭിച്ചു. കോതമംഗലം താലൂക്കിലെ റവന്യു സര്‍വേ വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. കുഴല്‍നാടന്റെ കോതമംഗലത്തെ കുടുംബ വീട്ടിലേക്ക് മണ്ണിട്ട് നികത്തി നേരത്തെ റോഡ് നിര്‍മ്മിച്ചിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് ഇന്ന് പരിശോധന നടത്തുന്നത്. അനധികൃതമായി മണ്ണിട്ട് നികത്തിയെന്ന ആരോപണം പരിശോധിക്കാന്‍ വിജിലന്‍സ് റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന സര്‍വേയെ കുഴല്‍നാടന്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ചിന്നക്കനാലിലെ റിസോര്‍ട്ട് വിവാദത്തില്‍ മൂവാറ്റുപുഴ എംഎല്‍എയ്‌ക്കെതിരെ ഒരു ഭാഗത്ത് സിപിഎം ആരോപണം ശക്തമാക്കുന്നതിനിടെയാണ് റവന്യൂ വകുപ്പിന്റെ നടപടി മറുഭാഗത്ത് നടക്കുന്നത്.