ലോക്ക്ഡൗണ്‍ ലംഘനം: പിഴയായി ലഭിച്ചത് 154 കോടി രൂപ, ഏറ്റവും കൂടുതല്‍ കേസ് തിരുവനന്തപുരം ജില്ലയില്‍
തിരുവനന്തപുരം: കൊവിഡ്-19 ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമായിരുന്ന കാലയളവില്‍ നിയമലംഘനങ്ങളുടെ പേരില്‍ പോലീസ് പിരിച്ചത് 154 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയതടക്കമുള്ള നിയന്ത്രണ ലംഘനങ്ങനങ്ങളില്‍ നിന്നാണ് ഇത്രയും തുക പിരിച്ചെടുത്തതെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബര്‍ ആദ്യവാരം വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണം ശക്തമായിരുന്ന മാസങ്ങള്‍ മുതല്‍ ഒക്ടോബര്‍ മാസംവരെ ആറ് ലക്ഷത്തിലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മാസ്‌ക് ധരിക്കാതിരിക്കുക, സാമുഹിക അകലം പാലിക്കാതിരിക്കുക, നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും അവഗണിച്ച് വാഹനങ്ങള്‍ നിരത്തിലിറക്കിയതടക്കമുള്ള സംഭവങ്ങളില്‍ 154 കോടി 42 ലക്ഷത്തി 4700 രൂപയാണ് പോലീസ് പിഴയായി വാങ്ങിയത്.
ഇക്കാലയളവില്‍ 611851 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 1,86,790 കേസുകളാണ് തലസ്ഥാനത്ത് മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ പിഴ ചുമത്തിയത് എറണാകുളം ജില്ലയിലാണ്. 22,41,59,800 രൂപയാണ് എറണാകുളം ജില്ലയില്‍ നിന്ന് മാത്രം പിഴയായി ഈടാക്കിയത്.
തിരുവനന്തപുരം ജില്ലയില്‍ 14,24,43,500 രൂപയും മലപ്പുറത്ത് 13,90,21,500 രൂപയുമാണ് പിഴയായി പിരിച്ചെടുത്തത്. എല്ലാ ജില്ലകളിലും രണ്ട് കോടിയിലധികം രൂപയാണ് പിഴയിനത്തില്‍ പിരിച്ചത്. 133 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത റെയില്‍വെ പോലീസ് 4,10100 രൂപ ഈടാക്കി. മാസ് ധരിക്കാത്തതിനും സാമുഹിക അകലം പാലിക്കാത്തതിനും 500 രൂപ വീതവും, വാഹനങ്ങളുടെ നിയന്ത്രണ ലംഘനത്തിന് 2000 രൂപയുമാണ് പോലീസ് പിഴയായി ചുമത്തിയത്.
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇളവ് വന്നിട്ടും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് പിഴ ചുമത്തുന്നത് തുടരുന്നുണ്ട്. കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് മാത്രമേ ഇളവുകള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന കര്‍ശന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നത് ആശ്വാസം പകരുന്നുണ്ട്. ആരോഗ്യവകുപ്പ് ബുധനാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 11,079 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 46,95,904 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 3,39,688 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,28,426 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,262 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 690 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 97,630 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 123 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,571 ആയി.