സന്ദീപ് കൊലപാതകം; നാല് പ്രതികള്‍ പിടിയില്‍
പിടിയിലായത് ആലപ്പുഴ കരുവാറ്റയില്‍ നിന്ന്
തിരുവല്ല: തിരുവല്ല: സി പി എം പെരിങ്ങമല ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ വീടിനു സമീപം ഗുണ്ടാ സംഘം കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികള്‍ പിടിയിലായി. ജിഷ്ണു, നന്ദു, പ്രമോദ്,മുഹമ്മദ് എന്നിവരാണ് പിടിയിലായത്. ആലപ്പുഴ കരുവാറ്റയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഈ നാല് പ്രതികളില്‍ രണ്ടുപേര്‍ സിപിഎം പ്രവര്‍ത്തകരാണ്. ഇനി ഒരാളെക്കൂടി പിടികൂടാനുണ്ട്
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലില്‍ വയലില്‍ വച്ച് കൊലപാതകം നടന്നത്. വയലിന് സമീപത്ത് ഒരു കലുങ്കില്‍ ഇരിക്കുകയായിരുന്ന സന്ദീപിനെ ഒരു സംഘമാളുകള്‍ ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. സന്ദീപിന്റെ നെഞ്ചില്‍ ഒമ്പത് കുത്തേറ്റിട്ടുണ്ട്. ആക്രമണം നടന്നയുടന്‍ സന്ദീപിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തുംമുമ്പ് തന്നെ മരിച്ചു. അക്രമികള്‍ ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സന്ദീപിന്റെ നെഞ്ചിന്റെ വലത് ഭാഗത്തായി ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഒമ്പത് കുത്തുകള്‍ ദേഹത്താകെ ഉണ്ടെന്നാണ് ആശുപത്രിയില്‍ നിന്ന് വ്യക്തമാക്കുന്നത്. സ്ഥലത്ത് സിപിഎമ്മുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങളൊന്നും സമീപകാലത്ത് ഉണ്ടായിരുന്നില്ല എന്ന് പ്രാദേശികനേതൃത്വം തന്നെ പറയുന്നു. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്നാണ് പിടിയിലായവര്‍ പറയുന്നത്.
നിലവില്‍ പ്രദേശത്തെ ബിജെപി - ആര്‍എസ്എസ് നേതൃത്വങ്ങളുമായി ബന്ധപ്പെട്ട് തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്. സന്ദീപ് മരിച്ചുവെന്നുറപ്പായ ശേഷം കൊല നടത്തിയവര്‍ ഒളിവില്‍പ്പോയി എന്നാണ് പൊലീസ് പറയുന്നത്. പ്രാദേശികമായ എന്തെങ്കിലും വാക്കുതര്‍ക്കങ്ങളും കൊലപാതകത്തിന് പിന്നിലുണ്ടോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്. കൊലപാതകത്തിന് മുമ്പ് സന്ദീപ് കുമാര്‍ സ്ഥിരമായെത്തുന്ന കടയിലും പ്രതികള്‍ എത്തി ഭീഷണിപ്പെടുത്തിയെന്ന് കട ഉടമ ബാബു പൊലീസിനെ അറിയിച്ചിട്ടുണ്ട്. കടയിലെ സാധനങ്ങള്‍ തകര്‍ത്തു. പ്രതികളിലൊരാള്‍ നാട്ടുകാരന്‍ തന്നെയാണെന്ന് കട ഉടമ പറയുന്നു. മറ്റുള്ളവരെ മുമ്പ് കണ്ട് പരിചയം ഇല്ലെന്നും ബാബു പറയുന്നു
ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പിന്നീട് മാത്രമേ നടക്കൂ. നിലവില്‍ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലായിരുന്നു. ഇവിടെ നിന്ന് തിരുവല്ലയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും