നേട്ടത്തില്‍ ഇന്ന് വിപണി ഇടപാടുകള്‍ക്ക് തുടക്കം.
വ്യാപാര ആഴ്ചയിലെ രണ്ടാം ദിവസമായാ ഇന്ന് നേട്ടത്തില്‍ വിപണി ഇടപാടുകള്‍ക്ക് തുടക്കം കുറിച്ചു. ആഗോള വിപണികളില്‍ പോസിറ്റീവ് തരംഗം തുടരുന്ന സാഹചര്യം സെന്‍സെക്‌സ്, നിഫ്റ്റി സൂചികകള്‍ക്ക് കരുത്തു പകരുകയാണ്. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 250 പോയിന്റ് മുന്നേറി 50,890 എന്ന നിലയില്‍ വ്യാപാരം ആരംഭിച്ചു (0.48 ശതമാനം നേട്ടം). വിശാലമായ നിഫ്റ്റി ഫിഫ്റ്റി സൂചികയാകട്ടെ 15,300 മാര്‍ക്കില്‍ കാലുവെയ്ക്കാന്‍ ശ്രമം തുടരുന്നു. ഓഎന്‍ജിസി, ടൈറ്റന്‍ കമ്പനി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, നെസ്‌ലെ ഇന്ത്യ, എച്ച്ഡിഎഫ്‌സി ഓഹരികളാണ് രാവിലെ സെന്‍സെക്‌സില്‍ തിളങ്ങുന്നത്. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകള്‍ മുഴുവന്‍ നേട്ടത്തിലാണ് രാവിലെ ഇടപാടുകള്‍ നടന്നത് . കൂട്ടത്തില്‍ നിഫ്റ്റി ലോഹം 1.3 ശതമാനം വരെ ഉണര്‍വ് രേഖപ്പെടുത്തുന്നു. വിശാല വിപണികള്‍ ബെഞ്ച്മാര്‍ക്ക് സൂചികകളെ കടത്തിവെട്ടുന്ന പ്രകടനമാണ് രാവിലെ കാണുന്നത്. ബിഎസ്ഇ മിഡ്ക്യാപ് 0.6 ശതമാനവും സ്‌മോള്‍ക്യാപ് 0.7 ശതമാനവും വീതം നേട്ടം പങ്കിടുന്നു. ഇന്ന് 68 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിക്കുക. ഇമാമി, വിഐപി, അജ്മീര റിയല്‍റ്റി ആന്‍ഡ് ഇന്‍ഫ്രാ ഇന്ത്യ, ആല്‍ക്കെം ലബോറട്ടറീസ്, ആസ്ട്രാസെനെക്ക ഫാര്‍മ ഇന്ത്യ തുടങ്ങിയ പ്രമുഖര്‍ ഇക്കൂട്ടത്തിലുണ്ട്.