ഉത്രവധക്കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമായിരുന്നുവെന്ന് കെമാല്‍ പാഷ


കൊച്ചി: ഉത്രവധക്കേസ് വിധിയില്‍ വിമര്‍ശനവുമായി ജസ്റ്റിസ് ബി. കെമാല്‍ പാഷ. കോടതി വിധിയില്‍ പ്രതിയുടെ പ്രായവും, മുന്‍കാല ചരിത്രവും പരിഗണിച്ചത് കോടതിയുടെ തെറ്റായ നിരീക്ഷണമാണെന്ന് അദ്ദേഹം പറഞ്ഞു. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി നിരീക്ഷിച്ച കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'വലിയ ആസൂത്രണം നടന്നിട്ടുള്ള സംഭവമാണ്. ഇതുപോലെ വധശിക്ഷയ്ക്ക് അര്‍ഹതയുള്ള മറ്റൊരു കേസ് സമീപകാലത്തൊന്നും കണ്ടിട്ടില്ല. ഈ കേസിന് വധശിക്ഷ കൊടുത്തില്ലെങ്കില്‍ മറ്റേത് കേസിനാണ് കൊടുക്കേണ്ടത്,' കെമാല്‍ പാഷ പറഞ്ഞു. 24 ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ക്രിമിനലാണ് സൂരജ്. പണ്ട് ക്രിമിനല്‍ പശ്ചാത്തലമില്ലെങ്കില്‍ വധശിക്ഷ നല്‍കേണ്ടതില്ലെന്ന നിയമമൊന്നുമില്ല. വധശിക്ഷയെ എതിര്‍ക്കുന്നവരും അപരിഷ്‌കൃതമെന്ന് പറയുന്നവരുമുണ്ട്. സ്വന്തം വീട്ടില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോഴേ അവരൊക്കെ പഠിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

വധശിക്ഷ നടപ്പാക്കുന്ന മറ്റ് രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങള്‍ കുറവാണ്. പ്രതിയുടെ കുടുംബത്തിനും സംഭവത്തില്‍ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അഞ്ചല്‍ ഉത്ര വധക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതി സൂരജിന് കൊലക്കുറ്റത്തിന് സൂരജിന് ഇരട്ടജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജാണ് വിധി പുറപ്പെടുവിച്ചത്.

കൊലക്കുറ്റത്തിനും കൊലപാതകശ്രമത്തിനും ഇരട്ടജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. മറ്റ് രണ്ട് കേസുകള്‍ക്ക് 10 വര്‍ഷവും ഏഴ് വര്‍ഷവും തടവും വിധിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media