തബല മാന്ത്രികന്‍ അരങ്ങൊഴിഞ്ഞു; ഉസ്താദ് സാക്കിര്‍ ഹുസൈന്‍ ഇനി ഓര്‍മ
 


ദില്ലി: ലോകപ്രശസ്തനായ തബല വിദ്വാന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന് വിട. അര നൂറ്റാണ്ടിലേറെ ലോകസംഗീതത്തില്‍ നിറഞ്ഞുനിന്ന താള വിസ്മയമാണ് വിടവാങ്ങിയത്. ഹൃദയ സംബന്ധമായ രോഗം മൂലം അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. 73 വയസായിരുന്നു. ഉസ്താദിന്റെ മരണം കുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ചു. സാക്കിര്‍ ഹുസൈന്‍ ഐസിയുവില്‍ ചികിത്സയില്‍ തുടരുന്നതിനിടെ എല്ലാവരും അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കണമെന്നും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ചികിത്സയിലാണെന്നും കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. 

സാക്കിര്‍ ഹുസൈന്‍ അന്തരിച്ചതായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഉള്‍പ്പെടെ രാത്രി ട്വീറ്റ് ചെയ്തതോടെ രാജ്യമെങ്ങുമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍, കുടുംബം ഇത് നിഷേധിച്ചു. മരണ വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കിയ സാക്കിര്‍ ഹുസൈന്റെ കുടുംബം, അദ്ദേഹം ജീവനോടെയുണ്ടെന്നും അദ്ദേഹത്തിനായി പ്രാര്‍ഥിക്കണമെന്നും ഇന്നലെ രാത്രി വൈകി അഭ്യര്‍ഥിച്ചു. തുടര്‍ന്ന് വാര്‍ത്ത വിതരണ മന്ത്രാലയവും കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ള നേതാക്കളും മാധ്യമങ്ങളും വാര്‍ത്ത പിന്‍വലിച്ചു. പിന്നീട് രാവിലെയോടെ കുടുംബാംഗങ്ങള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് സാക്കിര്‍ ഹുസൈന്റെ മരണം കുടുംബം സ്ഥിരീകരിച്ചത്. ഹൃദയത്തെയും ശ്വാസകോശത്തെയും ബാധിച്ച ഗുരുതര രോഗം കാരണമാണ് സാക്കിര്‍ ഹുസൈനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തബലയെ ലോകപ്രശസ്തയിലേക്ക് ഉയര്‍ത്തിയവരില്‍ ഒരാളാണ് ഉസ്താദ് സാക്കിര്‍ ഹുസൈന്‍. സംഗീത ലോകത്തിലേക്ക് കൈപിടിച്ചത് പിതാവ് ഉസ്താദ് അല്ലാ രഖാ ആയിരുന്നു. കേരളത്തോടും ഇവിടുത്തെ താളവാദ്യങ്ങളോടും എന്നും ആത്മബന്ധം പുലര്‍ത്തിയിരുന്നു. പല തവണ കേരളം സന്ദര്‍ശിച്ചു. 2017 ല്‍ പെരുവനത്ത് എത്തിയ സക്കീര്‍ ഹുസൈനെ ഗ്രാമം ആവേശത്തോടെ സ്വീകരിച്ചു. അന്ന് പെരുവനം കുട്ടന്‍ മാരാര്‍, മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി എന്നിവര്‍ക്കൊപ്പം വേദി പങ്കിട്ടിരുന്നു. 

1951ല്‍ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്‍ ജനിച്ചത്. 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. ഐതിഹാസിക പോപ്പ് ബാന്‍ഡ് ദി ബീറ്റില്‍സ് ഉള്‍പ്പടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്. 1999-ല്‍ അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണല്‍ എന്‍ഡോവ്മെന്റ് ഫോര്‍ ആര്‍ട്സ് നാഷണല്‍ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവ നല്‍കി ആദരിച്ചു. കഴിഞ്ഞ ഗ്രാമി പുരസ്‌കാര വേദിയിലും സാക്കിര്‍ ഹുസൈന്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. മികച്ച ഗ്ലോബല്‍ മ്യൂസിക്ക് പെര്‍ഫോമന്‍സ്, മികച്ച കണ്ടംപററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം പങ്കിട്ടത്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media