നമ്മള്‍ താമസിക്കുന്ന അപാര്‍ട്‌മെന്റിന്റെ അകത്ത് കൂടി ഒരു ട്രെയിന്‍ ഓടിയാലോ? നിങ്ങള്‍ക്ക് അങ്ങിനെ സങ്കല്‍പ്പിക്കാനാകുമോ. താമസിക്കുന്നതിന്റെ തൊട്ടടുത്ത് കൂടി ട്രെയിന്‍ പോകുന്നത് പോലും നമുക്ക് അസ്വസ്ഥതയാണ്. എന്നാല്‍, ചൈനയിലെ ഒരു നഗരത്തില്‍ അപാര്‍ട്‌മെന്റിന്റെ അകത്ത് കൂടിയാണ് റെയില്‍വെ ട്രാക്ക് കടന്നു പോകുന്നത്. ഇടതടവില്ലാതെ ആ പാളത്തിലൂടെ ട്രെയിനുകളും കടന്നു പോവുന്നു. 19 നിലകളുള്ള ഒരു കെട്ടിടത്തിന്റെ അകത്ത് കൂടിയാണ് ഈ ട്രെയിന്‍ ഓടുന്നത്. സംഭവം ചൈനയിലെ മൗണ്ടന്‍ സിറ്റി എന്ന് അറിയപ്പെടുന്ന ചോങ്കിംഗ് നഗരത്തിലാണ് ഈ അപൂര്‍വമായ കാഴ്ച കാണാന്‍ സാധിക്കുക. ഉയരം കൂടിയ അനേകം കെട്ടിടങ്ങളുടെ പേരില്‍ അറിയപ്പെടുന്ന നഗരമാണ് ചോങ്കിംഗ്. 31000 സ്‌ക്വയര്‍ മൈലിനകത്ത് താമസിക്കുന്നത് 49 മില്ല്യണ്‍ ആളുകളാണ്. അതിനാല്‍ തന്നെയാണ് റെയില്‍വേ എഞ്ചിനീയര്‍മാര്‍ ഇങ്ങനെ തികച്ചും വ്യത്യസ്തമായ ഒരു ആശയവുമായി എത്തിയത്.
എന്നാല്‍, ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല കേട്ടോ. 13 വര്‍ഷമായി ഈ കെട്ടിടത്തിന്റെ അകത്ത് കൂടി ട്രെയിന്‍ ഓടാന്‍ തുടങ്ങിയിട്ട്. അപാര്‍ട്‌മെന്റിന്റെ അകത്ത് കൂടി ട്രെയിന്‍ ഓടുന്നതിന്റെ നിരവധി വീഡിയോകളും ചിത്രങ്ങളുമെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ അടക്കം പ്രചരിക്കാറുണ്ട്.
എന്നാലും ട്രെയിന്‍ കടന്നു പോകുമ്പോള്‍ അപാര്‍ട്‌മെന്റിന്റെ ഉള്ളിലുള്ളവര്‍ എങ്ങനെ സഹിക്കും എന്നാണോ ആലോചിക്കുന്നത്. ഇത് വളരെ ശബ്ദം കുറഞ്ഞ, വൈബ്രേഷന്‍ കുറഞ്ഞ ട്രെയിനുകളാണ്. അതിനാല്‍ തന്നെ ശബ്ദ മലിനീകരണത്തെ കുറിച്ച് ഓര്‍ത്ത് ഇവിടെ താമസിക്കുന്നവര്‍ക്ക് ഒട്ടും അങ്കലാപ്പില്ലയ 2014 -ലാണ് ഈ കെട്ടിടത്തിന്റെ അകത്ത് കൂടി ട്രെയിന്‍ ഓടിത്തുടങ്ങിയത്. അന്ന് തൊട്ടിന്നോളം ആരും ഇതേ ചൊല്ലി വലിയ പരാതി ഒന്നും പറഞ്ഞിട്ടില്ല. എന്ന് മാത്രമല്ല, പലര്‍ക്കും ഇത് ഒരു കൗതുകക്കാഴ്ച കൂടിയാണ്.