വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 2 പേര്‍ മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം, ഹോട്ടല്‍ പൂട്ടിച്ചു
 


തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ആറംഗം കുടുംബത്തിലെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. രണ്ട് പേര്‍ ചികിത്സയിലാണ്. കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസം സീ ഫുഡ് കഴിക്കാനെത്തിയ കൊല്ലം നിലമേല്‍ പ്ലാച്ചിക്കോട് സ്വദേശികളായ ഷാജി (48), ഭാര്യയുടെ അമ്മയായ റഷീദാ ബീവി (58) എന്നിവരാണ് മരിച്ചത്. ഷാജിയുടെ ഭാര്യ സജീനയെ പാരിപ്പള്ളി ആശുപത്രിയിലെ ഐസിയുവില്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ക്കൊപ്പം ഭക്ഷണം കഴിച്ച കുട്ടികളടക്കം മൂന്ന് പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് വിവരം. മരണത്തിന് കാരണം അലര്‍ജിയാണെന്നാണ് ഡോക്ടര്‍മാരില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക സൂചന. ഭക്ഷ്യവിഷബാധയെന്നത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ സ്ഥിരീകരിക്കാനാകൂവെന്നാണ് വിഴിഞ്ഞം പൊലീസ് വിശദമാക്കുന്നത്.


വൈകുന്നേരം മാത്രം പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലയായ 'അസ്മാക്' നിന്നുമാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിച്ച ശേഷം നിലമേലിലേക്ക് വരുന്നതിനിടെ നെഞ്ച് വേദന തോന്നിയതാണ് ആശുപത്രിയിലെത്താന്‍ കാരണം. ഭക്ഷ്യവിഷബാധയാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മീന്‍ മുട്ട, കൊഞ്ച്, കണവാ തോരന്‍, അപ്പം, പൊറോട്ട എന്നിവയാണ് കഴിച്ചതെന്ന് ഇവരുടെ ബന്ധു നവാസ് പറയുന്നത്. കഴിച്ച് നിലമേല്‍ വരെ എത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പിന്നാലെയാണ് ഇവരെ സമീപത്തെ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കല്‍ കോളെജിലേക്കും പ്രവേശിപ്പിച്ചിരിക്കുന്നത്. എന്നാല്‍ എത്രപേര്‍ ഒരേ ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും എന്ത് കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയാണോയെന്ന് അറിയില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് ഷാജി മരിച്ചത്. നിലമേല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് റഷീദ ബീവി മരിക്കുന്നത്. ഭക്ഷ്യസുരക്ഷാവകുപ്പ് സ്ഥലത്ത് പരിശോധന നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹോട്ടല്‍ താല്‍ക്കാലികമായി അടപ്പിച്ച് സാംപിള്‍ ശേഖരിച്ചിട്ടുണ്ട്.  ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ ഭക്ഷ്യവിഷബാധ സംബന്ധിയായ അസ്വസ്ഥതയുണ്ടായതായി ആരില്‍ നിന്നും പരാതിയുണ്ടായിട്ടില്ലെന്നുമാണ് പൊലീസ് വിശദമാക്കുന്നത്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media