തിരുവനന്തപുരം: തിരുവനന്തപുരം- കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ അറിയിച്ചു. ഭൂമി ഏറ്റെടുക്കല്‍ തീരുമാനം റദ്ദാക്കി. പൊലീസ് കേസുകള്‍ പിന്‍വലിക്കാനുള്ള ശുപാര്‍ശയും സമര്‍പ്പിക്കുമെന്നും മഞ്ഞക്കുറ്റി നീക്കം ചെയ്യാന്‍ റവന്യു വകുപ്പിന് നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷന്‍ 2031 നടപ്പിലാക്കും. 100 ദിവസത്തെ കര്‍മ്മ പദ്ധതി അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കും. പദ്മ പുരസ്‌കാരം ശുപാര്‍ശ സമര്‍പ്പിക്കാന്‍ സമിതി നിര്‍മിക്കും. സില്‍വര്‍ ലൈനിന് പകരം സ്പീഡ് കൊറിഡോര്‍, അതിവേഗ ഇടനാഴി എന്നിവയും പരിഗണനയിലുണ്ട്. പ്രായോഗികം അല്ലാത്തത് കൊണ്ടാണ് സില്‍വര്‍ ലൈന്‍ വേണ്ടെന്ന് വച്ചതെന്നും യുഡിഎഫ് സബ് കമ്മിറ്റി പഠിച്ച് വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി വേണ്ടെന്ന് വച്ചതെന്നും സതീശന്‍ പറഞ്ഞു.
പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി. 2026 ഓഗസ്റ്റ് 31നകം കാലാവധി അവസാനിക്കുന്ന ലിസ്റ്റുകള്‍ നവംബര്‍ 30 വരെ നീട്ടും. യുഡിഎഫ് പ്രകടന പത്രികയിലെ കാര്യങ്ങള്‍ വകുപ്പുകള്‍ക്ക് വിഭജിച്ച് നല്‍കിയിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.