കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍, പ്രതിരോധ ആരോഗ്യ വകുപ്പ് നടപടികള്‍ ശക്തമാക്കി . രോഗബാധയുമായി ബന്ധപ്പെട്ട് നിലവില്‍ 77 പേരുടെ സമ്പര്‍ക്കപ്പട്ടിക് തയ്യാറാക്കി്. ഇതില്‍ 58 പേര്‍ ആരോഗ്യപ്രവര്‍ത്തകരും 14 പേര്‍ കുടുംബാംഗങ്ങളുമാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ളവരില്‍ 2 പേര്‍ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിലും, 13 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും, 63 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണുള്ളത്.
ഹൈ റിസ്‌ക് പട്ടികയിലുള്ള 11 പേരോട് നിലവില്‍ കര്‍ശനമായ ഹോം ക്വാറന്റീനില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ള ആര്‍ക്കും നിലവില്‍ രോഗലക്ഷണങ്ങളില്ല. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരില്‍ മാത്രമായിരിക്കും ഇനി പരിശോധന നടത്തുക. രോഗബാധിതന്‍ സഞ്ചരിച്ച വഴികള്‍ വ്യക്തമാക്കുന്ന റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് ഉടന്‍ തന്നെ പുറത്തുവിടും. രോഗിക്ക് എവിടെ നിന്നാണ് വൈറസ് ബാധയേറ്റത് എന്നതില്‍, രണ്ട് സാധ്യതകളാണ് പരിശോധിക്കുന്നത്. ഇദ്ദേഹം ജോലി ചെയ്ത ഗോഡൗണില്‍ നിന്ന് രോഗം പകരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് വിലയിരുത്തല്‍. വീട്ടുവളപ്പില്‍ നിന്നും സപ്പോട്ട പഴം പറിച്ചു കഴിച്ചതിനാല്‍, വവ്വാലുകള്‍ കടിച്ചിട്ട പഴങ്ങളില്‍ നിന്നാകാം വൈറസ് ബാധിച്ചതെന്ന സാധ്യതയ്ക്കാണ് ആരോഗ്യവകുപ്പ് മുന്‍ഗണന നല്‍കുന്നത്. നിലവില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിച്ചാല്‍ മതിയെന്നും അധികൃതര്‍ അറിയിച്ചു.
ഫറോക്ക് സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്. ശുചീകരണ ജോലിക്കാരനാണ് ഇയാള്‍. ഫറോക്കില്‍ തന്നെ പഴയ കെട്ടിടം വൃത്തിയാക്കാന്‍ പോയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇദ്ദേഹം ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി ഡിസ്ചാര്‍ജായിരുന്നു. പിന്നീട് ഇദ്ദേഹത്തിന് ബോധക്ഷയമുണ്ടായി. മദ്യപിക്കുന്ന വ്യക്തിയായതിനാല്‍ വിത്‌ഡ്രോവല്‍ സിംപ്റ്റംസ് എന്ന് ധരിച്ച് ഇയാളെ ഡീ അഡിക്ഷന്‍ സെന്ററിലും കൊണ്ടുപോയിരുന്നതായാണ് വിവരം.