തൃശൂര്‍: .ഗുരുവായൂര്‍ പ്രസ് ഫോറത്തിന്റെ സുരേഷ് വാര്യര്‍ സ്മാരക സംസ്ഥാന തല മാധ്യമ പുരസ്‌കാരം മാതൃഭൂമി ലേഖകന്‍ ഡോ. എം.പി. പത്മനാഭന് സമ്മാനിച്ചു. ലക്ഷദ്വീപിലെ പ്രതിഷേധങ്ങള്‍ ആദ്യമായി പുറംലോകത്തെത്തിച്ച വാര്‍ത്തയാണ് പത്മനാഭനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.ഗുരുവായൂര്‍ സെക്കുലര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ. രാജന്‍ പുരസ്‌കാരം സമ്മാനിച്ചു. 5000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ പത്മനാഭന്‍ ട്രേഡ് യൂണിയന്‍ രംഗത്ത് അഖിലേന്ത്യാ തലത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. ഐഎന്‍ടിയുസി അഖിലേന്ത്യാ സെക്രട്ടറി, ഇന്ത്യന്‍ നാഷണല്‍ സാലറീഡ് എപ്ലോയിസ് ആന്റ് പ്രൊഫഷണല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ദേശീയ പ്രസിഡന്റുമായി പ്രവര്‍ത്തിച്ചു വരുന്നു. ഇന്‍ഡോ - ഗള്‍ഫ് ഫ്രട്ടേണിറ്റിയുടെ പ്രഥമ കെ.പി.കേശവ മേനോന്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ മാധ്യമ രംഗത്തെയും പൊതുപ്രവര്‍ത്തന രംഗത്തെയും സ്തുത്യര്‍ഹമായ സേവനങ്ങളെ മുന്‍നിര്‍ത്തി ഡോ.എം.പി.പത്മനാഭനെ തേടിയെത്തിയിട്ടുണ്ട്.
ലക്ഷദ്വീപിലെ ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് തടസം സൃഷ്ടിച്ചുകൊണ്ട് അഡ്മിനിസ്ര്‌ടേറ്റര്‍ പ്രഫുല്‍കോഡ കൊണ്ടുവന്ന ദുരുദ്ദേശപരമായ പരിഷ്‌കാരങ്ങളും അതേത്തുടര്‍ന്ന് ദ്വീപില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളും പുറം ലോകത്തെ ആദ്യമായി അറിയിച്ചത് ഡോ. എം.പി.പത്മനാഭന്റെ മാതൃഭൂമിയിലൂടെയുള്ള റിപ്പോര്‍ട്ടാണ്. മെയിന്‍ സ്‌റ്റോറിയായിട്ടാണ് ഈ വാര്‍ത്ത മാതൃഭൂമി പ്രസിദ്ധപ്പെടുത്തിയത്. വാര്‍ത്ത പുറം ലോകമറിഞ്ഞതോടെ ശക്തമായ പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമിടയാക്കി. തുടര്‍ന്ന് കൊണ്ടു വന്ന പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കാനും ദ്വീപ് ഭരണകൂടം നിര്‍ബന്ധിതമായി. ജനകീയ പ്രശ്‌നങ്ങങ്ങളില്‍ ഇടപെട്ടുകൊണ്ടുള്ള ഡോ. എം.പി. പത്മനാഭന്റെ നിരവധി റിപ്പോര്‍ട്ടുകള്‍ നേരത്തെയും ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്