ഗുളിക പോലൊരു കുഞ്ഞന്‍ സോപ്പ്; വില 30 രൂപ
കൊവിഡ് കാലം പ്രയോജനപ്പെടുത്തി മലയാളി സംരംഭകന്‍
കോഴിക്കോട്: കൊവിഡിനെ ചെറുക്കാന്‍ ടാബ്‌ലെറ്റ് സോപ്പ് പുറത്തിറക്കി മലയാളി സംരംഭകന്‍. ആല്‍ക്കഹോള്‍ അധിഷ്ഠിത സാനിറ്റൈസറുകള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ സുരക്ഷിതം സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നതാണെന്ന വസ്തുത പരക്കെ അറിവുള്ളതാണ് എന്നാല്‍ സോപ്പ് കൊണ്ടുനടക്കാനുള്ള ബുദ്ധിമുട്ട് കാരണം ആളുകള്‍ മിക്കപ്പോഴും സാനിറ്റൈസര്‍ തന്നെയാണ് കയ്യില്‍ കരുതുന്നത്. ഇതിനൊരു പ്രതിവിധിയെന്നോണമാണ് കോഴിക്കോട് കൊടുവള്ളി സ്വദേശി കെസി ജാബിര്‍ പോക്കറ്റില്‍ കൊണ്ടുനടക്കാന്‍ കഴിയുന്ന തരത്തിലുള്ള ടാബ്‌ലെറ്റ് സോപ്പുകള്‍ നിര്‍മ്മിച്ചത്.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോപ്പ് നിര്‍മാതാവും കയറ്റുമതി സ്ഥാപനവുമായ ഓറിയല്‍ ഇമാറയുടെ പ്രൊമോട്ടര്‍ ആണ് ജാബിര്‍. ലോകത്താദ്യമായി വിപണിയിലെത്തുന്ന നാനോ സോപ്പിത്. ഇലാരിയ നാനോ സോപ്പ് എന്നാണ് ഈ കുഞ്ഞ് സോപ്പിന്റെ പേര്. 20 ടാബ്‌ലെറ്റ് സോപ്പുകളുള്‍പ്പെടുന്ന രണ്ട് സ്ട്രിപ്പുകളുടെ പാക്കറ്റിന് 30 രൂപ. ഒരു പ്രാവശ്യം കൈ കഴുകുന്നതിനാവശ്യമായ ഗുളികയുടെ വലിപ്പത്തിലുള്ള കുഞ്ഞ് സോപ്പ് കട്ടകളാണ് അടര്‍ത്തിയെടുക്കാവുന്ന ബ്ലിസ്റ്റര്‍ പാക്കില്‍ എത്തിയിരിക്കുന്നത്.
പോക്കറ്റിലിട്ട് കൊണ്ടുനടക്കാവുന്ന ഈ സോപ്പ് കട്ടകള്‍ യാത്രകളില്‍ കൂടെ കൊണ്ടുപോകാം. റെസ്റ്റോറന്റുകളിലെ സോപ്പ് ഡിസ്പെന്‍സറുകള്‍ ഉപയോഗിക്കാന്‍ മടിയുള്ളവര്‍ക്കും ഇലാരിയ നാനോ സോപ്പ് ഉപകാരപ്രദമാണ്.
ഗ്രേഡ് 1 സോപ്പ് വിഭാഗത്തില്‍പ്പെടുന്ന ഈ നാനോ സോപ്പ് 76-80 ശതമാനം ഉയര്‍ന്ന ടോട്ടല്‍ ഫാറ്റി മാറ്റര്‍ (ടിഎഫ്എം) ആണിതിന്റെ സവിശേഷത. സാനിറ്റൈസര്‍ അലര്‍ജിയുണ്ടാക്കുന്നവര്‍ക്കും സോപ്പ് മികച്ച ഓപ്ഷനാണ്. ഗ്രേഡ് 1 സോപ്പുകള്‍ മാത്രം നിര്‍മിക്കുന്ന കമ്പനിയാണ് ഓറിയല്‍ ഇമാറ.
2017 മുതല്‍ ഇവര്‍ സോപ്പ് നിര്‍മാണ-കയറ്റുമതി രംഗത്തുണ്ട്. കോഴിക്കോട് ആസ്ഥാനമായുള്ള ഗവേഷണ-വികസന വിഭാഗം വികസിപ്പിച്ചെടുക്കുന്ന സോപ്പ് ഉത്പന്നങ്ങള്‍ മുംബൈയിലും ഹിമാചല്‍ പ്രദേശിലെ സോളാനിലുമുള്ള യൂണിറ്റുകളിലാണ് നിര്‍മിക്കുന്നത്. അതേസമയം കേരളത്തിലേയും കര്‍ണാടകത്തിലേയും പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ സോപ്പ് വില്‍പനയ്‌ക്കെത്തിച്ചിട്ടുണ്ട്. ഖത്തറിലേയ്ക്കുള്ള കയറ്റുമതിയും നടക്കുന്നുണ്ട്.