ആര്യന്‍ഖാന്‍ കേസിന്റെ അന്വേഷണച്ചുമതലയില്‍ നിന്ന് വാംഖഡെ പുറത്ത്
മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ്ഖാന്റെ മകന്‍ ആര്യന്‍ഖാന്‍ പ്രതിയായ ലഹരി വിരുന്നു കേസിന്റെ അന്വേഷണം നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി.) കേന്ദ്ര യൂണിറ്റ് ഏറ്റെടുത്തു. കേസിന്റെ അന്വേഷണച്ചുമതലയുണ്ടായിരുന്ന എന്‍.സി.ബി. മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെയ്‌ക്കെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ നടപടി.
എന്‍.സി.ബി. സെന്‍ട്രല്‍ യൂണിറ്റില്‍നിന്നുള്ള ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേകാന്വേഷണസംഘം (എസ്.ഐ.ടി.) ആയിരിക്കും ആഡംബരക്കപ്പലിലെ ലഹരി മരുന്നു കേസ് കൈകാര്യം
ചെയ്യുകയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒഡിഷ കേഡറിലെ ഓഫീസര്‍ സഞ്ജയ് സിങ്ങാണ് എസ്.ഐ.ടി. തലവന്‍. അദ്ദേഹം ശനിയാഴ്ച മുംബൈയിലെത്തി അന്വേഷണം ഏറ്റെടുക്കുമെന്നാണ് അറിയുന്നത്. മുംബൈ യൂണിറ്റ് അന്വേഷിച്ചിരുന്ന മറ്റ് അഞ്ചു കേസുകള്‍കൂടി സെന്‍ട്രല്‍ യൂണിറ്റ് ഏറ്റെടുത്തിട്ടുണ്ട്. എന്‍.സി.പി. നേതാവ് നവാബ് മാലിക്കിന്റെ മരുമകന്‍
സമീര്‍ഖാന്‍ പ്രതിയായ കേസും ഇതില്‍പ്പെടും. അതേസമയം, മുംബൈ സോണല്‍ ഡയറക്ടര്‍ സ്ഥാനത്ത് വാംഖഡെ തുടരും.
ആര്യന്‍ഖാന്‍ പ്രതിയായ കേസിന്റെ അന്വേഷണച്ചുമതലയില്‍നിന്ന് സമീര്‍ വാംഖഡെയെ മാറ്റിയത് ഒരു തുടക്കം മാത്രമാണെന്നും 26 കേസുകളില്‍കൂടി പുനഃപരിശോധന നടക്കേണ്ടതുണ്ടെന്നും
വാംഖഡെയ്‌ക്കെതിരേ പടനയിച്ച മന്ത്രി നവാബ് മാലിക് പറഞ്ഞു. കള്ളക്കേസുകളിലൂടെ ഭീഷണിപ്പെടുത്തി കോടികള്‍ പിരിച്ചെടുത്തു, മയക്കുമരുന്നു കടത്തുകാരുമായി ധാരണയുണ്ടാക്കി,
വ്യാജ ജാതി സര്‍ട്ടിഫിക്കറ്റിലൂടെ ജോലി നേടി, ബി.ജെ.പി.യുമായി ബന്ധമുണ്ടാക്കി, അത്യാഡംബര ജീവിതം നയിക്കുന്നു തുടങ്ങിയ ഒട്ടേറെ ആരോപണങ്ങളാണ് വാംഖഡെയ്‌ക്കെതിരേ മാലിക് ഉയര്‍ത്തിയിരുന്നത്.
ചില കേസുകളുടെ അന്വേഷണം എന്‍.സി.ബി.യുടെ കേന്ദ്ര യൂണിറ്റ് ഏറ്റെടുത്തത് തന്റെകൂടി ആവശ്യം പരിഗണിച്ചാണെന്നാണ് വാംഖഡെ പറയുന്നത്. അന്വേഷണച്ചുമതലയില്‍നിന്ന് തന്നെ മാറ്റിയെന്ന് പറയുന്നത് ശരിയല്ലെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തരോട് പറഞ്ഞു. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം കേന്ദ്ര യൂണിറ്റ് ഏറ്റെടുക്കുകയോ ദേശീയ
അന്വേഷണ ഏജന്‍സിയെപ്പോലുള്ള (എന്‍.ഐ.എ.) കേന്ദ്ര ഏജന്‍സിക്കു കൈമാറുകയോ ചെയ്യണമെന്ന് താന്‍തന്നെ ആവശ്യപ്പെട്ടതാണെന്നും ഇതിനായി കോടതിയെ സമീപിച്ചിരുന്നെന്നും വാംഖഡ പറഞ്ഞു.
വാംഖഡെയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ എന്‍.സി.ബി. വൃത്തങ്ങള്‍ പരസ്യമായി തള്ളിക്കളഞ്ഞിരുന്നെങ്കിലും അദ്ദേഹത്തിനെതിരേ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണത്തിനായി എന്‍.സി.ബി. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ജ്ഞാനേശ്വര്‍ സിങ് മുംബൈയിലെത്തുകയും വാംഖഡെയെ രണ്ടുതവണ ഡല്‍ഹിക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു.