സെപ്തംബര്‍ ഒന്ന് മുതല്‍ തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ തുറക്കും; മെഡിക്കല്‍ കൊളേജുകള്‍ ഈ മാസവും
ചെന്നൈ: തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ ക്ലാസുകള്‍ പുന:രാരംഭിക്കുന്നു. സെപ്റ്റംബര്‍ 1 മുതല്‍, 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യഘട്ടത്തില്‍ ക്ലാസുകള്‍ ആരംഭിക്കും. ആഗസ്റ്റ് 16 മുതല്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ തുറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. തമിഴ്‌നാട്ടിലെ കോവിഡ് സാഹചര്യം മെഡിക്കല്‍ വിദഗ്ധരുമായി അവലോകനം ചെയ്ത ശേഷമാണ് സ്‌കൂളുകളും മെഡിക്കല്‍ കോളജുകളും തുറക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് രോഗ വ്യാപനത്തെ തുടര്‍ന്ന് ഒരുവര്‍ഷത്തിലേറെയായി സ്‌കൂളുകള്‍ അടഞ്ഞു കിടക്കുകയായിരുന്നു.
മാസങ്ങളായി വീടുകളില്‍ ഒതുങ്ങിക്കിടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ മാനസിക പിരിമുറുക്കം അനുഭവിക്കുന്നുണ്ടെന്നും ഇത് കുറയ്ക്കാന്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കേണ്ടതിന്റെ ആവശ്യകതയും മെഡിക്കല്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അനുകൂലമല്ല എന്നും കണ്ടെത്തിയിട്ടുണ്ട്. പല കുട്ടികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് അവസരമില്ല. സെപ്തംബര്‍ 1 മുതല്‍ 9, 10, 11, 12 ക്ലാസുകളില്‍ 50 ശതമാനം വിദ്യാര്‍ത്ഥികളുമായി സ്‌കൂളുകള്‍ പുനരാരംഭിക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു.
ആഗസ്റ്റ് 16 മുതല്‍ മെഡിക്കല്‍ കോളജുകള്‍ തുറക്കും ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ കോളജുകള്‍, നഴ്‌സിങ് സ്ഥാപനങ്ങള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവ ഓഗസ്റ്റ് 16 മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കനാണ് നിര്‍ദേശം.