വാഹന രജിസ്ട്രേഷനിൽ നിർണ്ണായക പരിഷ്കാരങ്ങൾ
വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിർണ്ണായക പരിഷ്കാരങ്ങൾ പ്രാബല്യത്തിലേക്ക്. കേന്ദ്രസർക്കാർ ഇതുമായി ബന്ധപ്പെട്ട് നടത്തിയ നിർദേശം വ്യാഴാഴ്ച മുതൽ തന്നെ പ്രാബല്യത്തിൽ വരികയും ചെയ്യും.രജിസ്ട്രേഷന് മുന്നോടിയായുള്ള വാഹന പരിശോധന മോട്ടോർവാഹന വരുപ്പ് ഒഴിവാക്കിയിട്ടുണ്ട്. അതേ സമയം പുതിയ വാഹനങ്ങൾ ഷോറൂമിൽ നിന്ന് ഇറക്കുന്നതിന് മുമ്പ് തന്നെ സ്ഥിരം രജിസ്ട്രേഷൻ നൽകും. കുടാതെ അതി സുരക്ഷാ നമ്പർ പ്ലേറ്റും ഇതിനൊപ്പം നൽകും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് മോട്ടോർ വാഹന വകുപ്പ് ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്.
പുതിയ ഉത്തരവ് രാജ്യത്ത് പ്രാബല്യത്തിൽ വരുന്നതോടെ നമ്പർ പ്ലേറ്റില്ലാത്ത വാഹനങ്ങൾ നിരത്തിലിറങ്ങിയാൽ ഡീലർമാരിൽ നിന്ന് വലിയ തുക തന്നെ പിഴയായി ഈടാക്കുകയും ചെയ്യും. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വാഹനത്തിന്റെ പത്ത് വർഷത്തെ റോഡ് നികുതിയ്ക്ക് തുല്യമായ തുകയാണ് പിഴയിനത്തിൽ ഈടാക്കുക. ഓരോ ഷോറൂമുകളിൽ നിന്നും പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ ഓൺലൈനായിട്ടാണ് സ്ഥിര രജിസ്ട്രേഷനുള്ള അപേക്ഷ നൽകേണ്ടതെന്നും ചട്ടമുണ്ട്.
ഓരോ വാഹനത്തിന്റെയും റോഡ് നികുതി, രജിസ്ട്രേഷൻ ഫീസ് എന്നിവ അടച്ച ശേഷമാണ് ഇൻഷുറൻസ് എടുക്കേണ്ടത്. ഇവയ്ക്ക് അനുസരിച്ച് അതിസുരക്ഷാ നമ്പർ പ്ലേറ്റ് വാഹനത്തിൽ ഘടിപ്പിച്ച ശേഷം മാത്രമേ വാഹനം ഉമടകൾക്ക് കൈമാറാവൂ എന്നാണ് ചട്ടം. മറ്റുള്ള അപേക്ഷകളിൽ ഉടൻതന്നെ രജിസ്ട്രേഷൻ നമ്പറുകളും നൽകും. എന്നാൽ ഫാൻസി നമ്പർ ആവശ്യമുള്ളവർ ഇക്കാര്യം ആവശ്യപ്പെട്ട് താൽപ്പര്യ പത്രവും ഇതോടൊപ്പം സമർപ്പിക്കണം. അതേ സമയം ഓരോ ദിവസവും വൈകിട്ട് നാല് മണിക്ക് മുമ്പ് ലഭിക്കുന്ന അപേക്ഷകൾ പരിഗണിച്ച് അതാത് ദിവസം തന്നെ നമ്പർ അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഇതോടെ ഉടൻ തന്നെ ഡീലർമാർക്ക് രജിസ്ട്രേഷൻ നമ്പർ ലഭിക്കും ഈ നമ്പർ അനുസരിച്ച് അതി സുരക്ഷാ നമ്പർ പ്ലേറ്റ് വാഹനത്തിൽ ഘടിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. പുതിയ വാഹനം വാങ്ങുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷം മാത്രമേ വാഹനം ഉടമയ്ക്ക് കൈമാറാൻ പാടുള്ളൂവെന്നാണ് ചട്ടം. എന്നാൽ ഫാൻസി നമ്പറാണ് ആവശ്യപ്പെടുന്നതെങ്കിൽ ആറ് മാസത്തിന് ശേഷമാണ് ലഭിക്കുക. അതുവരെ താൽക്കാലിക നമ്പർ അനുവദിച്ച് ഉപയോഗിക്കാൻ സാധിക്കും.
ഓൺലൈൻ ലേലത്തിൽ നമ്പർ എടുക്കുന്നത് വരെ വാഹനം എടുക്കുന്നവർ ഈ സമയത്ത് ഷോറൂമിൽ തുടരും. അതേ സമയം ലേലത്തിൽ പരാജയപ്പെട്ട് നമ്പർ വേണ്ടെന്ന് വെച്ചാൽ ഇക്കാര്യം കൃത്യമായി മോട്ടോർ വാഹന വകുപ്പിനെ അറിയിക്കുകയും വേണം. ഇത്തരം സാഹചര്യത്തിൽ നിലവിലെ ശ്രേണിയിലുള്ള വാഹനത്തിന്റെ നമ്പറാണ് അനുവദിക്കുക. തുടർന്ന് തപാൽ മാർഗ്ഗം വാഹന ഉടമയ്ക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും അയച്ച് നൽകും.