മലപ്പുറം : സ്വര്‍ണ്ണക്കടത്ത് കേസുകളിലെ പ്രതികളില്‍ ഭുരിഭാഗവും മുസ്ലിംങ്ങളാണെന്ന വിവാദ പ്രസ്താവനയില്‍ തവനൂര്‍ എംഎല്‍എ കെ ടി ജലീലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം എസ്പിക്ക് പരാതി. യൂത്ത് ലീഗ് നേതാവ് യു എ റസാഖാണ് പരാതി നല്‍കിയത്. ജലീലിന്റെ പ്രസ്താവന ഒരു നാടിനെയും, സമുദായത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും മത സപര്‍ദ്ധയുണ്ടാക്കി കലാപം ഉണ്ടാക്കലാണ് ജലീലിന്റെ ലക്ഷ്യമെന്നും പരാതിയില്‍ ആരോപിക്കുന്നു.
സ്വര്‍ണ്ണക്കടത്തിലെ പ്രതികളില്‍ ഭുരിഭാഗവും മുസ്ലിംങ്ങളെന്നും ഹജ്ജിന് പോയ മതപണ്ഡിതന്‍ തിരികെ വരുമ്പോള്‍ സ്വര്‍ണ്ണം കടത്തിയെന്നുമുളള കെടി ജലീല്‍ എംഎല്‍എയുടെ പരാമര്‍ശമാണ് വിവാദമായത്. സ്വര്‍ണ്ണക്കടത്ത് ഹവാല കേസുകളിലെ പ്രതികള്‍ മുസ്ലിം സമുദായക്കാരാണെന്നും പാണക്കാട് തങ്ങള്‍ മതവിശ്ലവാസികളെ ഉപദേശിക്കണമെന്നുമായിരുന്നു ജലീലിന്റെ നേരത്തെയുള്ള വിവാദ പ്രസ്താവന. ഫേസ് ബൂക്കിലുടെ നടത്തിയ പ്രസ്താവന വിവാദമായതോടെ വിശദീകരിക്കുമ്പോഴാണ് ജലീല്‍ കുറെ കൂടി കടന്ന് മതപണ്ഡിതരെ കൂടി ആരോപണത്തിന്റെ പരിധിയില്‍ കൊണ്ടു വന്നത്. തെറ്റു ചെയ്യുന്നത് ഏത് സമുദായക്കാരായാലും അതിനെതിരെ ശക്തമായ എതിര്‍പ്പുയരേണ്ടത് ബന്ധപ്പെട്ട മതവിഭാഗങ്ങളില്‍ നിന്നാണെന്നും കെ ടി ജലീല്‍ വിശദീകരിക്കുന്നു. ജലീലിനെതിരെ പ്രതിപക്ഷ സംഘടനാ നേതാക്കളും മതസംഘടനാ ഭാരവാഹികളും രൂക്ഷമായാണ് പ്രതികരിച്ചത്