തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ ഇന്ന് കേരളത്തില്‍ പ്രചാരണം നടത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ലോഞ്ചില്‍ എല്‍ഡിഎഫ് എംപിമാരുമായും എംഎല്‍എമാരുമായും യശ്വന്ത് സിന്‍ഹ കൂടിക്കാഴ്ച നടത്തും. മൂന്ന് മണിക്കാണ് യുഡിഎഫ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ച. പിന്നീട് വാര്‍ത്താ സമ്മേളനത്തിലും ഗാന്ധി ഭവനിലെ സ്വീകരണ പരിപാടിയിലും പങ്കെടുക്കും. ഇന്നലെ രാത്രിയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിനായുള്ള പ്രചാരണം തുടങ്ങാനായി യശ്വന്ത് സിന്‍ഹ തിരുവനന്തപുരത്ത് എത്തിയത്.
നൂറ് ശതമാനം വോട്ട് കിട്ടുന്ന കേരളത്തില്‍ പ്രചാരണത്തിന് ഗംഭീര തുടക്കം കുറിക്കാനാകുമെന്നാണ് ഇന്നലെ അദ്ദേഹം പ്രതികരിച്ചത്. ഒരു ദിവസത്തെ പ്രചാരണത്തിന് ശേഷം നാളെ രാവിലെ അദ്ദേഹം ചെന്നൈയിലേക്ക് പുറപ്പെടും. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെ തിരുവനന്തപുരത്തെത്തിയ യശ്വന്ത് സിന്‍ഹയെ യുഡിഎഫ് നേതാക്കളെത്തിയാണ് സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ ചേര്‍ന്നാണ് യശ്വന്ത് സിന്‍ഹയെ സ്വീകരിച്ചത്.
'നരേന്ദ്ര മോദിയെ പിണറായിക്കും കൂട്ടര്‍ക്കും പേടി'; യശ്വന്ത് സിന്‍ഹയെ സ്വീകരിക്കാന്‍ വരാതിരുന്നത് ദുരൂഹമെന്ന് സുധാകരന്‍
ഭരണകക്ഷി നേതാക്കള്‍ ആരും വിമാനത്താവളത്തില്‍ എത്തിയിരുന്നില്ല. കേരളം ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സംസ്ഥാനമെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. 24 വര്‍ഷം സിവില്‍ സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിച്ച യശ്വന്ത് സിന്‍ഹ 1986 ലാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ജനതാദളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. പിന്നീട് ബിജെപി മന്ത്രിസഭയിലടക്കം കേന്ദ്രമന്ത്രിയായി പ്രവര്‍ത്തിച്ചു. ചന്ദ്രശേഖര്‍, വാജ്‌പേയി മന്ത്രിസഭകളില്‍ അംഗമായിരുന്നു. ചന്ദ്രശേഖറിന്റെ കേന്ദ്ര മന്ത്രിസഭയില്‍ ധനമന്ത്രിയായി പ്രവര്‍ത്തിച്ചു.
പിന്നീട് ബിജെപിയില്‍ ചേര്‍ന്ന ശേഷം വാജ്‌പേയ് മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായും വിദേശ കാര്യമന്ത്രിയായും പ്രവര്‍ത്തിച്ചു. അതിന് ശേഷം നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ അദ്ദേഹത്തോട് ഇടഞ്ഞാണ് 2018 ല്‍ ബിജെപി വിട്ടത്. പിന്നീട് 2021ല്‍ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിലവില്‍ തൃണമൂല്‍ വൈസ്പ്രസിഡന്റായിരിക്കെയാണ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ രാജിവെച്ചത്. ബിജെപിയുടെ ഒരു മുന്‍ നേതാവിനെ തന്നെയാണ് പ്രതിപക്ഷം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുന്നതെന്നത് ശ്രദ്ധേയമാണ്.