ബിജെപിയില്‍ അഴിച്ചു പണി വരുന്നു
തിരുവനന്തപുരം: കേരളമടക്കം ആറ് സംസ്ഥാനങ്ങളില്‍ പുതിയ ബിജെപി അധ്യക്ഷന്മാരെ പ്രഖ്യാപിക്കും. ഇന്ന് ഉച്ചയോടെ വിവരം പുറത്ത് വരും. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ബിജെപി അധ്യക്ഷനായി കേരളത്തിലേക്ക് തിരികെയെത്തും. കെ സുരേന്ദ്രന് പകരം എന്ത് ചുമതല നല്‍കുമെന്ന് വ്യക്തമായിട്ടില്ല. കര്‍ണാടകത്തില്‍ നളിന്‍ കുമാര്‍ കട്ടീലിനെ മാറ്റി ശോഭാ കരന്തലജെയെ ബിജെപി അധ്യക്ഷയാക്കിയേക്കും. കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയെ രാജ്യസഭയിലേക്ക് എത്തിച്ച് കേന്ദ്രമന്ത്രിയാക്കാനും ബിജെപി ദേശീയ നേതൃത്വം ആലോചിക്കുന്നുണ്ട്.
നാല് സംസ്ഥാനങ്ങളില്‍ ഇന്നലെ ബിജെപി അധ്യക്ഷന്മാരെ മാറ്റിയിരുന്നു. കേന്ദ്രമന്ത്രിമാര്‍ക്ക് സംസ്ഥാനങ്ങളുടെ ചുമതല നല്‍കുകയാണ് ബിജെപി. തെരഞ്ഞെടുപ്പില്‍ വിജയം ലക്ഷ്യമിട്ടാണ് ബിജെപി നീക്കം. ഈ മാസം 24 ന് പത്ത് സംസ്ഥാനങ്ങളില്‍ രാജ്യസഭാംഗങ്ങളുടെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പകരക്കാരെ കേന്ദ്രമന്ത്രിസഭയിലേക്ക് അയക്കും. ഈ ഘട്ടത്തില്‍ സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കി തൃശ്ശൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുകയാണ് ലക്ഷ്യം. ഇതിന് പുറമെ മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലും മാറ്റമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.