കൊല്ലം ബീച്ചില്‍ കൂട്ടത്തല്ല്; സംഘര്‍ഷം കപ്പലണ്ടിക്ക് എരിവ് കുറഞ്ഞതിന്റെ പേരില്‍
കൊല്ലം : കപ്പലണ്ടിക്ക് എരിവുകുറഞ്ഞതിന്റെ പേരില്‍ കൊല്ലം ബീച്ച് സന്ദര്‍ശിക്കാനെത്തിയ കുടുംബവും കച്ചവടക്കാരും തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ബുധനാഴ്ച വൈകീട്ട് കിളിമാനൂരില്‍നിന്നെത്തിയ കുടുംബവും കച്ചവടക്കാരുമാണ് ബീച്ചില്‍ ഏറ്റുമുട്ടിയത്.
അഞ്ചുപേരടങ്ങിയ കുടുംബത്തില്‍ മൂന്നുസ്ത്രീകളും രണ്ടുപുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. ബീച്ചിനുസമീപത്തെ കടയില്‍നിന്ന് ഇവര്‍ വാങ്ങിയ കപ്പലണ്ടി എരിവുകുറഞ്ഞെന്നുപറഞ്ഞ് തിരികെ നല്‍കി. കോവിഡ് ആയതിനാല്‍ നല്‍കിയ കപ്പലണ്ടി തിരികെ വാങ്ങാന്‍ കച്ചവടക്കാരന്‍ വിസമ്മതിച്ചു. തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ കൈയിലുണ്ടായിരുന്ന കപ്പലണ്ടി ഇവര്‍ കച്ചവടക്കാരന്റെ മുന്നില്‍വച്ച് വലിച്ചെറിഞ്ഞതോടെ അടുത്തുള്ള കച്ചവടക്കാരും തര്‍ക്കത്തില്‍ ഇടപെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ കിളിമാനൂര്‍ സ്വദേശിയായ യുവാവിന്റെ അമ്മയ്ക്കും ഐസ്‌ക്രീം കച്ചവടക്കാരനും പരിക്കേറ്റു. സംഘര്‍ഷസ്ഥലത്ത് ആളുകള്‍ തടിച്ചുകൂടുകയും വിവരമറിഞ്ഞ് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തുകയും ചെയ്തു.
ഏറെ പണിപ്പെട്ട് പോലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കി. കേസെടുത്ത് ഇരുകൂട്ടരെയും സ്റ്റേഷനിലെത്തിച്ച് ജാമ്യത്തില്‍ വിട്ടു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.